Advertisement

‘അനുകരണങ്ങളെ വിശ്വസിക്കാൻ കഴിയില്ല, സ്വന്തം ശൈലിയിൽ പാടുക;’ രാണു മോണ്ടാലിനോട് ലതാ മങ്കേഷ്കറുടെ ഉപദേശം

September 3, 2019
Google News 1 minute Read

മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലിരുന്ന് ‘എക് പ്യാർ കാ നഗ്മാ’ എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടിയ രാണു മോണ്ടാൽ എന്ന സ്ത്രീ സോഷ്യൽ മീഡിയയെ വിസ്മയിപ്പിച്ചിരുന്നു. ‘രണാഘട്ടിന്റെ ലതാ മങ്കേഷ്കർ’ എന്നാണ് സൈബർ ലോകം രാണുവിനെ വാഴ്ത്തിയത്. ആളുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും രാണു സിനിമയിൽ പോലും പിന്നണി ഗാനം ആലപിക്കുകയും ചെയ്തു. ഇപ്പോഴിതാ സാക്ഷാൽ ലതാ മങ്കേഷ്കർ രാണുവിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Read Also: വൈറൽ ഗായിക രാണുവിന് സൽമാൻ ഖാൻ 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചോ? സത്യമിതാണ്

അനുകരണങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നും സ്വന്തം ശൈലിയിലാണ് പാടേണ്ടതെന്നുമാണ് അവരുടെ ഉപദേശം. മ്യൂസിക്ക് റിയാലിറ്റി ഷോയിൽ വന്നു പോകുന്ന ചെറുപ്പക്കാരെപ്പറ്റി തനിക്ക് ആശങ്കയുണ്ടെന്നും ലതാ മങ്കേഷ്കർ കൂട്ടിച്ചേർത്തു. സഹോദരി ആശാ ഭോസ്‌ലയെ സ്വന്തം ശൈലിയിൽ പാടാൻ നിർബന്ധിച്ചിരുന്നില്ലെങ്കിൽ അവർ എന്നെന്നേക്കുമായി തന്റെ നിഴലിൽ ഒതുങ്ങിപ്പോകുമായിരുന്നു എന്നും ലത പറഞ്ഞു.

‘ആർക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കിൽ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല. അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ പാട്ടുകളോ അല്ലെങ്കിൽ കിഷോർ കുമാർ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്‌ലെ) എന്നിവരുടെ പാട്ടുകളോ ആലപിക്കുന്നതിലൂടെ ഗായകർക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാൽ അത് ദീർഘനാൾ നിലനിൽക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികൾ എന്റെ ഗാനങ്ങൾ വളരെ മനോഹരമായി പാടുന്നു. എന്നാൽ ആദ്യത്തെ വിജയത്തിന് ശേഷം അവരിൽ എത്രപേർ ഓർമ്മിക്കപ്പെടുന്നു? എനിക്ക് സുനിധി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. ‘-ലതാ മങ്കേഷ്കർ പറഞ്ഞു.

ഗായകർക്ക് ലത മങ്കേഷ്ക‌ർ ഒരു ഉപദേശവും നൽകിയിരിക്കുകയാണ്. ‘നിങ്ങൾ നിങ്ങളാകുക. എന്റെയോ സഹപ്രവർത്തകരുടെയോ നിത്യഹരിത ഗാനങ്ങൾ ആലപിക്കുക. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക. ആശയെ(ഭോസ്‌ലെ) സ്വന്തം ശൈലിയിൽ പാടാൻ നിർബന്ധിച്ചിരുന്നില്ലെങ്കിൽ അവൾ എന്നെന്നേക്കുമായി എന്റെ നിഴലിൽ ഒതുങ്ങിപ്പോകുമായിരുന്നു. വ്യക്തിത്വത്തിന് ഒരാളുടെ കഴിവിനെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവൾ. ”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here