‘അഭയയുടെ കഴുത്തിൽ നഖംകൊണ്ടുള്ള പാടുകൾ’; സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

അഭയ കേസിൽ സാക്ഷിയുടെ നിർണായക മൊഴി. മൃതദേഹത്തിൽ കഴുത്തിന്റെ ഇരുവശങ്ങളിലുമായി നഖംകൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായി സാക്ഷി വർഗീസ് ചാക്കോയാണ് മൊഴി നൽകിയത്. കഴുത്ത് ഞെരിച്ച പാടുകൾ ഉണ്ടായിരുന്നതായും ഫോട്ടോഗ്രാഫറായ വർഗീസ് ചാക്കോ മൊഴി നൽകി.
അഭയയുടെ മൃതദേഹത്തിന്റെ ചിത്രം ആദ്യമായി പകർത്തിയത് വർഗീസ് ചാക്കോയായിരുന്നു. കേസിലെ വിസ്താരത്തിനിടെയാണ് വർഗീസ് ചാക്കോ നിർണായകമായ മൊഴി നൽകിയത്. വിസ്താര വേളയിൽ പ്രോസിക്യൂഷൻ ആദ്യം കണ്ട കാര്യം ചോദിച്ചപ്പോഴാണ് വർഗീസ് ചാക്കോ നിർണായക കാര്യം വെളിപ്പെടുത്തിയത്. അഭയയുടെ കഴുത്തിന് ചുറ്റും ഞെരിച്ചതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നുവെന്ന് വർഗീസ് പറഞ്ഞു. നഖംകൊണ്ട് മുറിവേറ്റ പാടുകൾ കണ്ടതായും വർഗീസ് വ്യക്തമാക്കി. അഭയ കേസിൽ പ്രോസിക്യൂഷന് അനുകൂലമായി മൂന്നാമത്തെ സാക്ഷിയാണ് കോടതിയിൽ മൊഴി നൽകുന്നത്. നേരത്തേ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.
അതേസമയം, കേസിന്റെ വിചാരണ നാളെ മുതൽ പത്ത് മണിക്കായിരിക്കും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ ആരംഭിക്കുക. കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്താണ് ഇത്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളെ മാത്രം വിസ്തരിച്ചാൽ മതിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here