Advertisement

സിസ്റ്റർ അഭയ കൊലക്കേസ്; കേസിൽ പലരും മൊഴിമാറ്റിയിട്ടും കൊടുത്ത മൊഴിയിൽ ഉറച്ച് നിന്നത് ‘കള്ളനായ’ രാജു മാത്രം; കൂറുമാറ്റത്തിന്റെയും വെളിപ്പെടുത്തലുകളുടേയും 27 വർഷങ്ങൾ

August 30, 2019
Google News 1 minute Read
Abhaya case

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷം പിന്നിട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്നു. നിലവിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കേസിലെ സാക്ഷികൾ കേസ് തേച്ചുമായ്ച്ചുകളയാൻ ശ്രമിക്കുന്നവരെ ഭയന്ന് സാക്ഷിമൊഴി മാറ്റിയപ്പോൾ തന്റെ മൊഴിയിൽ ഉറച്ച് നിന്നത് മുഖ്യസാക്ഷി രാജു മാത്രം.

1992 മുതൽ ഇങ്ങോട്ടുള്ള കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാജു കോടതിയിൽ തുറന്നുപറഞ്ഞിരുന്നു. കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോൾ ഉദ്യോഗസ്ഥർ തന്നെ തേടിവന്നിരുന്നുവെന്നും കൊലപാതകം ഏറ്റെടുക്കാൻ പ്രലോഭിപ്പിച്ചിരുന്നുവെന്നും രാജു കോടതിയിൽ പറഞ്ഞു. ഇതിന് പുറമെ രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടിൽ ാെരാൾക്ക് ജോലിയും ഇവർ വാഗ്ദാനം ചെയ്തിരുന്നതായി രാജു വെളിപ്പെടുത്തി.

Read Also : അഭയ കേസ്; ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ട് കീറിക്കളഞ്ഞുവെന്ന് അന്നത്തെ കോൺസ്റ്റബിൾ എംഎം തോമസിന്റെ നിർണായക വെളിപ്പെടുത്തൽ

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു വെള്ളിയാഴ്ച്ചയാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 1992 മാർച്ച് 27ന്. കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റ് കിണറിൽ പത്തൊമ്പതുകാരിയായ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രിൽ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൌൺസിൽ ഹൈക്കോടതിയെ സമീപിച്ചു. 1993 മാർച്ച് 29ന് ഹൈക്കോടതി നിർദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡി.വൈ.എസ്.പി വർഗീസ് പി. തോമസിനായിരുന്നു അന്വേഷണ ചുമതല. ഇതിനിടയിൽ ക്രൈംബ്രാഞ്ച് കേസിലെ പല നിർണ്ണായക തെളിവുകളും നശിപ്പിച്ചിരുന്നു.

അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടവയിൽ ഉണ്ടായിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ് വെളിപ്പെടുത്തി.

സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ അദ്ദേഹം ജോലി രാജി വയ്ക്കുകയും ചെയ്തു. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സി.ബി.ഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസ് ആരോപണം ഉന്നയിച്ചിരുന്നു.

Read Also : 26 വര്‍ഷങ്ങള്‍ക്കിപ്പുറവും എവിടെയുമെത്താതെ അഭയ കേസ്

2008 ലാണ് കേസിലെ മുഖ്യപ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പുത്രക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലാകുന്നത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എ.എസ്.ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു.സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു.

2009 ജൂലൈ 17ന് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ കുറ്റപത്രം നൽകി. കേസിലെ മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂരണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.

Read Also : സിസ്റ്റർ അഭയ കേസ്; കൊല നടന്ന ദിവസം ഫാദർ തോമസ് കോട്ടൂരിനെയും, ജോസ് പുതൃകയലിനെയും കോൺവെന്റിൽ കണ്ടുവെന്ന മൊഴിയിൽ ഉറച്ച് മുഖ്യസാക്ഷി

സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സ്റ്റെഫിയെന്ന് സി.ബി.ഐ. നൽകിയ കുറ്റപത്രത്തിലുണ്ടായിരുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ഈ മൂന്ന് പ്രതികളെയും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ പ്രതികൾ നൽകിയ ഹർജി 9 വർഷത്തിന് ശേഷം 2018 മാർച്ച് 7 ന് സി.ബി.ഐ കോടതി തീർപ്പാക്കി. ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുടെ ഹർജികൾ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടുമായിരുന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ്.

2019 ഏപ്രിൽ 9ന് ഒന്നും മൂന്നും പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ സിബിഐ കോടതിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ വിധി.

അതേസമയം മകളുടെ ജീവനെടുത്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതു കാണാൻ കാത്തുനിൽക്കാതെ അഭയയുടെ മാതാപിതാക്കളായ ഐക്കരകുന്നേൽ തോമസും ഭാര്യ ലീലാമ്മയും മൂന്നുവർഷം മുമ്പ് വിട പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here