മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പൊലീസിന്റെ വാദം പൊളിയുന്നു

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ വാദം പൊളിയുന്നു. അപകടം നടന്ന സ്ഥലത്തെയും, പരിസര പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പൊലീസ് വാദം. എന്നാൽ മ്യൂസിയം റോഡ്, രാജ്ഭവൻ ഭാഗങ്ങളിൽ പൊലീസിന്റെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമാണെന്നും അപകടം നടന്ന ദിവസം ക്യാമറകൾ പ്രവർത്തിച്ചിരുന്നുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ രേഖയുടെ പകർപ്പ് ട്വൻറി ഫോറിന് ലഭിച്ചു.
ഓഗസ്റ്റ് രണ്ടിനാണ് മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനു കാരണമായ അപകടം നടക്കുന്നത്. രണ്ടാം തീയതി തന്നെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നൽകിയ വിവരാവകാശത്തിനു ലഭിച്ച മറുപടിയിലാണ് പൊലീസിന്റെ വാദങ്ങൾ പൊളിക്കുന്ന നിർണായക വിവരങ്ങളുള്ളത്. അപകടം നടന്ന സ്ഥലത്തെയും, പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യം മുതലേയുള്ള വാദം. എന്നാൽ അപകട ദിവസം മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവൻ ഭാഗത്ത് രണ്ടും ക്യാമറകൾ പ്രവർത്തിച്ചിരുന്നതായി വിവരാവകാശ രേഖയിൽ പറയുന്നു.
ഇവിടെ ഫിക്‌സഡ് ക്യാമറ ഉൾപ്പടെയുണ്ടായിരുന്നുവെന്നും രേഖ വ്യകതമാക്കുന്നുണ്ട്. തലസ്ഥാന നഗരിയിൽ ആകെ 233 ക്യാമറകൾ ഉള്ളതിൽ 144 ക്യാമറകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഉൾപ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ക്യാമറകൾ. അതിനാൽ തന്നെ കെ.എം. ബഷീറിന്റെ അപകടവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നിർണായക വിവരങ്ങൾ ഈ ക്യാമറകളിലുണ്ടാകുമെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാത്തത് സംശയം വർധിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളുടേതല്ലാതെ പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഒരു സി.സി.ടി.വി ദൃശ്യങ്ങളും ഇത് വരെ പുറത്തു വന്നിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here