ഉത്തർപ്രദേശിന്റെ മുഴുവൻ ചുമതലയും പ്രിയങ്കയെ ഏൽപ്പിക്കാനൊരുങ്ങി കോൺഗ്രസ്

ഉത്തർപ്രദേശ് കോൺഗ്രസിന്റെ മുഴുവൻ സംഘടനാ ചുമതലയും പ്രിയങ്ക ഗാന്ധി ഏറ്റെടുത്തേക്കും. നിലവിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. സംസ്ഥാനത്തെ മുഴുവൻ സംഘടനാ ചുമതലയും പ്രിയങ്കയെ ഏൽപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവിൽ രാജ് ബബ്ബറാണ് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി നേരിട്ട യു.പിയിൽ സ്വാധീനം വീണ്ടെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പ്രിയങ്ക സംസ്ഥാനത്തിന്റെ മുഴുവൻ ചുമതലയിലേക്ക് വരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ 80 സീറ്റുകളിൽ ഒന്നിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. സോണിയ ഗാന്ധിയാണ് യുപിയിൽ വിജയിച്ച ഏക കോൺഗ്രസ് സ്ഥാനാർത്ഥി. രാഹുൽ ഗാന്ധിയടക്കമുളളവർ പരാജയപ്പെട്ടിരുന്നു. 2022 ൽ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ പുതിയ നീക്കം. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ നേരിട്ട വലിയ പരാജയത്തിന് പിന്നാലെ കോൺഗ്രസ് ജില്ലാ,ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here