Advertisement

‘മുണ്ടുടുത്തതിന് ക്ലാസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്; ആ ഞാൻ ഇന്ന് മുണ്ടുടുത്ത് വെനീസ് ചലച്ചിത്ര മേള വരെ എത്തി’: വൈറലായി ‘ചോല’ നടന്റെ പോസ്റ്റ്

September 5, 2019
Google News 4 minutes Read

വെനീസ് ചലച്ചിത്രോത്സവത്തിൽ മുണ്ടുടുത്ത് പ്രത്യക്ഷപ്പെട്ട ജോജു ജോർജ് ആരാധകരെ കയ്യിലെടുത്തിരുന്നു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’ എന്ന സിനിമയിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പമാണ് ജോജു വെനീസ് റെഡ് കാർപറ്റിലെത്തിയത്. വെനീസ് ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ ‘ചോല’ പ്രദർശിപ്പിച്ചിരുന്നു. അതിൻ്റെ ഭാഗമായാണ് സിനിമയിലെ താരങ്ങൾ അവിടെ എത്തിയത്.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്ന പരിചിതമായ മുഖങ്ങൾക്കൊപ്പം രണ്ട് പേർ കൂടി സംഘത്തിലുണ്ടായിരുന്നു. സിജോ വടക്കനും അഖിൽ വിശ്വനാഥും. സിജോ കോട്ടും സൂട്ടുമൊക്കെ അണിഞ്ഞാണെത്തിയത്. എന്നാൽ അഖിൽ ജോജുവിനെ പിൻപറ്റി മുണ്ടും ഷർട്ടുമണിഞ്ഞ് നാടനായി. ഈ അഖിലിൻ്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. മുൻപ് മുണ്ടുടുത്തതിന് തന്നെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നെന്നും എന്നാലിന്ന് താൻ മുണ്ടുടുത്ത് വെനീസ് ചലച്ചിത്രോത്സവം വരെ എത്തിയെന്നുമാണ് അഖിൽ കുറിച്ചത്.

Read Also: റെഡ് കാർപറ്റിൽ മുണ്ടുടുത്ത് തനി നാടനായി ജോജു; വെനീസ് ചലച്ചിത്ര മേളയിൽ തിളങ്ങി ‘ചോല’ ടീം

‘മുണ്ടുടുത്തു ചെന്നതിനു എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.. ആ ഞാൻ ഇന്ന് നമ്മൾ കേരളീയരുടെ മുണ്ടുടുത്തു വെനീസ് international filim festival വരെ എത്തി… അതും legends ന്റെ കൂടെ.. proud moment…
Tnx to Sanal Kumar Sasidharan # Joju George # Nimisha Sajayan # Sijo Vadakkan and respected all our ചോല crew members.. love u all..’- അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

കൈയടികളോടെയാണ് മലയാള സിനിമാ സംഘത്തെ വെനീസ് മേളയിലെ കാണികള്‍ വരവേറ്റത്. മേളയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിലും ജോജു എത്തിയിരുന്നു.

കെവി മണികണ്ഠനൊപ്പം ചേര്‍ന്ന് സനല്‍ കുമാര്‍ ശശിധരന്‍ തന്നെയാണ് ചോലയുടെ തിരക്കഥ ഒരുക്കിയത്. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജു മാത്യു, അരുണ മാത്യു എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ചോലയ്ക്ക് വെനീസില്‍ നിന്ന് പുരസ്‌കാരം കിട്ടിയാല്‍ അത് മലയാള സിനിമയ്ക്ക് തന്നെ വലിയൊരു നേട്ടമായിരിക്കുമെന്നാണ് ജോജുവിൻ്റെ അഭിപ്രായം. താനിത് വരെ സിനിമ കണ്ടിട്ടില്ലെന്നും ഇവിടെ നിന്ന് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിമിഷ സജയന്‍ പറയുന്നു.

Read Also: നിമിഷ സജയന്റെ പുതിയ ചിത്രം ‘സ്റ്റാൻഡ് അപ്പ്’; സംവിധാനം വിധു വിൻസന്റ്

കഴിഞ്ഞ വര്‍ഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ചോലയ്ക്ക് ലഭിച്ചിരുന്നു. ചോലയിലെ അഭിനയത്തിന് നിമിഷ സജയനെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജിനും മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം സനല്‍ കുമാര്‍ ശശിധരനും ലഭിച്ചിരുന്നു. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനെത്തിയതിന് ശേഷം ഒക്ടോബറിലായിരിക്കും ചോല തിയറ്ററുകളിലേക്ക് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here