Advertisement

സലിൽ ചൗധരിയുടെ ഓർമ്മയിൽ സംഗീത ലോകം

September 5, 2019
Google News 1 minute Read

മനോഹരമായ ഭാവഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീത ചരിത്രത്തിന്റെ ഭാഗമായി മാറിയ സലിൽ ചൗധരി ഓർമ്മയായിട്ട് ഇന്ന് 24 വർഷം. വർഷങ്ങൾ എത്രയൊക്കെ കഴിഞ്ഞാലും ഈ സംഗീതമാന്ത്രികനെ മലയാളത്തിന് ഒരിക്കലും മറക്കാനാകില്ല. ചെമ്മീനിലെ  ‘മാനസ മൈനേ വരൂ…’ തുടങ്ങി ഒരു ജനതയൊന്നടങ്കം ഇന്നും മൂളുന്ന ഒരുപിടി ഗാനങ്ങൾക്കൊപ്പം ‘സലിൽദാ’ യെ മലയാളികൾ എക്കാലവും ഓർമയിൽ സൂക്ഷിക്കും. കടലിനക്കരെപ്പോണോരേ, പെണ്ണാളെ പെണ്ണാളെ, കദളി കൺകദളി, സന്ധ്യേ കണ്ണീരിതെന്തേ… തുടങ്ങി സലിൽ
ചൗധരിയുടെ എത്രയോ ഗാനങ്ങൾ ഇന്നും മലയാളിയുടെ നാവിൻ തുമ്പിലുണ്ട്.

Read Also; ഇന്ത്യയുടെ വാനമ്പാടി പിറന്നാൾ നിറവിൽ

1925 നവംബർ 19ന് ബംഗാളിലെ സൊനാർപൂർ ഗ്രാമത്തിൽ ജനിച്ച സലിൽ ചൗധരി ബാല്യകാലം ചിലവഴിച്ചത് അസമിലെ തേയില എസ്‌റ്റേറ്റിലായിരുന്നു. തോട്ടം മേഖലയിൽ ഡോക്ടറായിരുന്ന അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ പാശ്ചാത്യസംഗീതവും തേയില തൊഴിലാളികൾക്കിടയിൽ കേട്ടിരുന്ന നാടോടി ഗാനങ്ങളുമാണ് സംഗീതരംഗത്തേക്ക് സലിലിന് ആദ്യ പടവുകളൊരുക്കിയത്. 1944 ൽ ബിരുദ പഠനത്തിനായി കൊൽക്കത്തയിലെത്തിയ സലിൽ ഇടതുപക്ഷ കലാകാരന്മാരുടെ സംഘടനയായ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ (ഇപ്റ്റ) അംഗമായി.

തുടർന്ന് ഇപ്റ്റയ്ക്ക് വേണ്ടി ബംഗാളിലെ ജനങ്ങളുടെ ഹൃദയത്തിൽ സമരാവേശമുയർത്തുന്ന ഒട്ടേറെ ഗാനങ്ങളാണ് സലിൽ ചൗധരി രചിച്ചത്. 1949 ൽ ‘പരിബർത്തൻ’ എന്ന സത്യൻ ബോസ് ചിത്രത്തിന് സംഗീതം നൽകിയായിരുന്നു സിനിമയിൽ സലിൽ ദായുടെ തുടക്കം. തുടർന്നങ്ങോട്ട് നിരവധി ബംഗാളി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. സംഗീതജ്ഞൻ എന്നതിൽ മാത്രമായൊതുങ്ങുന്നതായിരുന്നില്ല സലിൽ ചൗധരിയുടെ പാടവം. കവി, നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി നിന്നു.

Read Also; സംഗീതോപകരണം വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല; വിമാനക്കമ്പനിക്കെതിരെ ശ്രേയാ ഘോഷാൽ

1953 ൽ മുംബൈയിൽ എത്തിയ ശേഷമാണ് സലിൽ ദാ ചലചിത്ര ഗാനരംഗത്ത് കൂടുതൽ സജീവമാകുന്നത്. 1958 ൽ പുറത്തിറങ്ങിയ മധുമതി എന്ന ചിത്രം സലിൽ ചൗധരിയെ അതിവേഗത്തിൽ പ്രശസ്തനാക്കി. തുടർന്ന്  നിരവധി ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. തുടർന്ന് എൺപതുകളിൽ വരെ ബോളിവുഡ് ലോകത്ത് സലിൽ ചൗധരി എന്ന പേര് നിറഞ്ഞു നിന്നു. രാമു കാര്യാട്ടിന്റെ ചിത്രമായ ചെമ്മീനിന് സംഗീതം പകർന്നുകൊണ്ട് 1965 ലാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്.

ചെമ്മീനിലെ മിക്ക പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അരങ്ങേറ്റ സിനിമ തന്നെ മലയാള ചലചിത്രമേഖലയിൽ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. ചെമ്മീനിന് ശേഷം നെല്ല്, അഭയം, രാസലീല, സ്വപ്‌നം, നീലപൊന്മാൻ, രാഗം, തോമാശ്ലീഹ, തുലാവർഷം, അപരാധി, പുതിയ വെളിച്ചം, ദേവദാസി തുടങ്ങി നിരവധി ചിത്രങ്ങൾക്കും സലിൽ  ദാ സംഗീതം പകർന്നിട്ടുണ്ട്.

27 മലയാള ചിത്രങ്ങളിലായി നൂറിലധികം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ലളിതമായ ഈണത്തിൽ ശ്രവണസുഖമുള്ള ഗാനങ്ങളൊരുക്കി ഏറെക്കാലം ഇന്ത്യൻ സംഗീതലോകത്ത് തലയെടുപ്പോടെ നിന്ന സലിൽ ചൗധരി 1995 സെപ്റ്റംബർ അഞ്ചിനാണ് അന്തരിച്ചത്.

സലീൽ ചൗധരി ഈണം പകർന്ന ശ്രദ്ധേയമായ ചില ഗാനങ്ങൾ

മാനസമൈനേ വരൂ…( ചെമ്മീൻ)

കടലിനക്കരെ പോണൊരേ…(ചെമ്മീൻ)

പെണ്ണാളേ പെണ്ണാളേ…( ചെമ്മീൻ)

പുത്തൻ വലക്കാരേ…( ചെമ്മീൻ)

കദളി ചെങ്കദളി… ( നെല്ല്)

മാടപ്രാവേ വാ… (മദനോത്സവം)

സന്ധ്യേ കണ്ണീരിതെന്തേ…(മദനോത്സവം)

പൂമാനം പൂത്തുലഞ്ഞേ… (ഏതോ ഒരു സ്വപനം)

കളകളം കായലോളങ്ങൾ… (ഈ ഗാനം മറക്കുമോ)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here