കളമശേരി എസ്‌ഐക്കെതിരെ പരാതി നൽകാനൊരുങ്ങി സക്കീർ ഹുസൈൻ

കളമശേരി എസ്‌ഐ അമൃത് രംഗൻ തന്റെ ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്ക് നൽകി എന്നാരോപിച്ച് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. എസ്‌ഐ ചട്ട ലംഘനം നടത്തിയെന്നാണ് സക്കീറിന്റെ ആരോപണം.
കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ നേതാവിന്റെ അറസ്റ്റ് ചോദ്യം ചെയ്യാൻ കളമശേരി എസ്‌ഐ അമൃത രംഗനെ ഫോണിൽ വിളിച്ച സക്കീർ ഹുസൈനും എസ്‌ഐയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടത്. എന്നാൽ ഈ ഫോൺ സംഭാഷണം ചോർന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സക്കീർ ഹുസൈൻ. സിപിഐഎം ഏരിയ സെക്രട്ടറി എന്ന നിലയിൽ വളരെ മാന്യമായാണ് താൻ എസ്‌ഐയോട് സംസാരിച്ചതെന്ന് സക്കീർ പറയുന്നു. എന്നാൽ എസ്‌ഐ തന്നോട് തട്ടിക്കയറുക മാത്രമല്ല ഈ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തുവെന്ന് സക്കീർ ആരോപിച്ചു.
എസ്‌ഐ അമൃത രംഗൻ ആർഎസ്എസ് അനുഭാവി ആണെന്നും എസ്‌ഐക്കെതിരെ ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകാനാണ് തന്റെ തീരുമാനമെന്നും സക്കീർ വ്യക്തമാക്കി. അതേസമയം, തന്നെ ഭീഷണിപ്പെടുത്താൻ സക്കീർ ഹുസൈൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ്‌ഐ അമൃത രംഗന്റെ വാദം. ഇതിനോടകം എസ്‌ഐയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here