എൻഫോഴ്‌സ്‌മെന്റ് കേസിൽ പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഐഎൻഎക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ പി.ചിദംബരത്തിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള പി ചിദംബരത്തെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ സിബിഐ നേരത്തെ ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read Also; ‘ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ ചിദംബരത്തെ മുഖ്യസൂത്രധാരനാക്കി മുദ്ര കുത്തുന്നു’ : അഭിഭാഷകൻ അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയിൽ

എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡി ഒഴിവാക്കാനാണ് മുൻകൂർ ജാമ്യത്തിന് ചിദംബരം സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്. മൂന്ന് ദിവസം നീണ്ടു നിന്ന വാദത്തിന് ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വിധി. പി. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. വിദേശ ബാങ്കുകൾ നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താനാകില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എൻ.എക്സ് മീഡിയ കേസെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചിരുന്നു.

Read Also; ചിദംബരത്തിനും കമൽനാഥിനും പിന്നാലെ കുരുക്ക് ശശി തരൂരിലേക്ക്?

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ഓഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു. സിബിഐ കസ്റ്റഡി ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹർജിയിൽ വിശദമായി വാദം കേൾക്കാൻ ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ സുപ്രിം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം തയ്യാറായില്ല. എൻഫോഴ്‌സ്‌മെന്റ് കേസിലെ വിധിക്ക് ശേഷം ഹർജി പരിഗണിക്കാമെന്നും അതുവരെ തൽസ്ഥിതി തുടരണമെന്നുമാണ് കോടതി അറിയിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top