ചിദംബരത്തിനും കമൽനാഥിനും പിന്നാലെ കുരുക്ക് ശശി തരൂരിലേക്ക്?

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം, മരുമകനെതിരായ വായ്പ തട്ടിപ്പ് കേസിൽ കമൽനാഥ്, കോൺഗ്രസ് നേതാക്കളെ തുടർച്ചയായി വേട്ടയാടുന്നുവെന്ന ആരോപണത്തിനിടെ അടുത്ത കുരുക്ക് നീളുന്നത് ശശി തരൂരിലേക്കെന്ന് സൂചന. സുനന്ദ പുഷ്‌കർ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് അതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളാണ് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. ശശി തരൂരിന്റെ മാനസിക പീഡനങ്ങളും പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമാണ് സുനന്ദ പുഷ്‌കറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഡൽഹി കോടതിയിൽ നടന്ന വാദത്തിനിടെ പൊലീസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി. സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ശശി തരൂരിനെ കുടുക്കാനുതകുന്ന മറ്റൊരു പ്രധാന തെളിവ്. വിഷാംശം ഉള്ളിൽച്ചൊന്നാണ് സുനന്ദ പുഷ്‌കറിന്റെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ശരീരത്തിൽ 15 ഓളം മുറിപ്പാടുകൾ. ഇതിൽ പല മുറിവുകൾക്കും മാസങ്ങളോളം പഴക്കം. ശശി തരൂരിനും സുനന്ദയ്ക്കുമിടയിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്ന് സ്ഥാപിക്കാൻ ഈ മുറിവുകൾകൊണ്ട് സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പോസ്റ്റ്ുമോർട്ടം റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

സുനന്ദയ്ക്കും ശശി തരൂരിനുമിടയിലെ പ്രധാന പ്രശ്‌നം മെഹർ തരാറാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മാധ്യമപ്രവർത്തകയും സുനന്ദയുടെ സുഹൃത്തുമായ നളിനി സിംഗാണ്. മെഹർ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം സുനന്ദയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചിരുന്നുവെന്ന് നളിനി സിംഗ് പൊലീസിന് നൽകിയ മൊഴിയിലുണ്ട്. ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും തരൂരിനോടും മെഹർ തരാറിനോടും പകരം ചോദിക്കണമെന്നായിരുന്നു സുനന്ദയുടെ പക്ഷം. ശശി തരൂരും മെഹറും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സന്ദേശങ്ങളും സുനന്ദക്ക് ലഭിച്ചിരുന്നതായും നളിനി വ്യക്തമാക്കിയിട്ടുണ്ട്. നളിനി സിംഗിന്റെ മൊഴിയുടെ പകർപ്പും സുനന്ദ പുഷ്‌കറുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും പൊലീസ് കോടതിയിൽ നൽകി. മെഹർ തരാറിന് തരൂർ അയച്ച ഇ മെയിൽ സന്ദേശവും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇനി ആഗസ്റ്റ് 31 നും വാദം തുടരും.

ശശി തരൂരിനെ പൂട്ടാൻ കഴിയുന്ന തെളിവുകളാണ് കൈവശമുള്ളതെന്ന ആത്മവിശ്വാസമാണ് ഡൽഹി പൊലീസിനുള്ളത്. ശശി തരൂരിനെതിരെ കുരുക്ക് മുറുകുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More