പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾക്ക് ഉടൻ കളർ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾക്ക് ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ കളർ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷവർധൻ.
ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരമാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്ക് കളർകോഡ് നടപ്പിലാക്കുമെന്ന് ഹർഷ വർധൻ പറഞ്ഞത്.
മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മായം കണ്ടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ശുചിത്വം പാലിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നടപ്പിലാക്കും. രാജ്യത്തെ 1.7 ലക്ഷം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ
സ്‌കൂളുകളില്‍ പ്രചരണ പരിപാടികൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിലാണ് ഈ വർഷത്തെ ക്യാമ്പയിന് തുടക്കമായത്. ഭക്ഷ്യ സുരക്ഷ അതോറിറ്റിക്കാണ് ഇതിന്റെ ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here