ഖത്തറിലെത്താൻ ഒമാൻ കടമ്പ; ഇന്ത്യക്ക് ഇന്ന് ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം

2022 ഖത്തര്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഒമാനാണ് എതിരാളി. സഹലും ആഷിഖ് കുരുണിയനും അടക്കമുള്ള മലയാളിതാരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും. വൈകിട്ട് 7.30നു ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം.
ഏഷ്യൻ രണ്ടാം റൗണ്ട് യോഗ്യതാ പോരിൽ ഒമാൻ, ഖത്തർ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. അടുത്ത വർഷം ജൂണിലാണ് അവസാന മത്സരം. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീം മൂന്നാം റൗണ്ടിലേക്ക് കടക്കും. എട്ട് ഗ്രൂപ്പുകളിലെ മികച്ച രണ്ടാംസ്ഥാനക്കാരും അടുത്ത ഘട്ടത്തിന് യോഗ്യരാകും. ആതിഥേയരായ ഖത്തറിന് യോഗ്യത ഉറപ്പായതിനാൽ രണ്ടാംസ്ഥാനത്ത് എത്തിയാൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാം. യോഗ്യതാ റൗണ്ടിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ടീമിന് 2023 ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിനും ടിക്കറ്റ് ഉറപ്പിക്കാം.
ഫിഫ റാങ്കിങ്ങിൽ 103-ാം സ്ഥാനക്കാരാണ് ഇന്ത്യ. ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴിൽ പുതിയ കളിയാണ് ഇന്ത്യ പുറത്തെടുക്കുന്നത്. കിങ്‌സ് കപ്പിലും ഇന്റർകോണ്ടിനെന്റൽ കപ്പിലും തോൽവി വഴങ്ങിയെങ്കിലും പ്രതീക്ഷ പുലർത്തുന്ന പ്രകടനമായിരുന്നു സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും.
ഡച്ചുകാരൻ എർവിൻ കൊമാന് കീഴിൽ കളിക്കിറങ്ങുന ഒമാൻ ശക്തരാണ്. ഫിഫ റാങ്കിങ്ങിൽ 87-ാം സ്ഥാനക്കാർ. ഒമാനോട് ഒരിക്കലും ജയിക്കാനായിട്ടില്ല ഇന്ത്യക്ക്. ഇരുടീമുകളും പത്തു തവണ മുഖാമുഖം വന്നപ്പോൾ ഏഴിലും ഇന്ത്യ തോറ്റു. മൂന്നെണ്ണം സമനിലയിലായി. ഏറ്റവും അവസാനം ഏഷ്യൻ കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരം ഗോൾരഹിത സമനില ആയിരുന്നു. ചൊവ്വാഴ്‌ച ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി. ദോഹയിലാണ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here