Advertisement

തലസ്ഥാനത്ത് നിറഞ്ഞാടി സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് കൂറ്റൻ സ്കോർ

September 6, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് ഇന്ത്യ നേടിയത്. 48 പന്തുകളിൽ 91 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി തുടർച്ചയായ രണ്ടാം അർധസെഞ്ചുറി നേടിയ ശിഖർ ധവാനും തിളങ്ങി.

Read Also: സഞ്ജു ഒരു റണ്ണെടുത്ത് പുറത്ത്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യക്ക് ആദ്യ തോൽവി

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ പ്രശാന്ത് ചോപ്ര (2) പുറത്തായി. തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന സഞ്ജു-ധവാൻ സഖ്യം അനായാസം ബാറ്റ് വീശി. സഞ്ജുവായിരുന്നു കൂടുതൽ അപകടകാരി. ഗ്രൗണ്ടിൻ്റെ നാലു പാടും ഷോട്ടുകൾ പായിച്ച സഞ്ജു എല്ലാ ബൗളർമാരെയും തല്ലിച്ചതച്ചു. 27 പന്തുകളിൽ അർധസെഞ്ചുറി തികച്ച സഞ്ജുവിനു പിന്നാലെ ധവാനും ഗിയർ മാറ്റിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.

Read Also: സഞ്ജുവോ പന്തോ; ഒരു താരതമ്യ പഠനം

35 പന്തുകളിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം അർധസെഞ്ചുറി കുറിച്ചതിനു പിന്നാലെ ധവാൻ (51) മടങ്ങി. ജോർജ് ലിൺഡെയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് ഇന്ത്യൻ ഓപ്പണർ മടങ്ങിയത്. ഏറെ വൈകാതെ സഞ്ജുവും പുറത്തായി. തുടർച്ചയായ രണ്ടാം സിക്സർ അടിക്കാനുള്ള ശ്രമത്തിനിടെ ലിൺഡെയ്ക്ക് തന്നെയാണ് സഞ്ജുവും കീഴടങ്ങിയത്. ആറു ബൗണ്ടറികളും ഏഴ് സിക്സറുകളും അടക്കമായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്. ഇതോടെ ലിസ്റ്റ് എ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറും സഞ്ജു കുറിച്ചു.

ശേഷം അവസാന ഓവറുകളിൽ തകർത്തടിച്ച ശ്രേയാസ് അയ്യർ 36 (19- 4*5, 6*1) ഇന്ത്യൻ സ്കോർ 200 കടത്തി. അവസാന ഓവറിലെ മൂന്നാം പന്തിലാണ് ശ്രേയാസ് പുറത്തായത്. ശുഭ്മൻ ഗിൽ 10 റൺസെടുത്ത് പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here