സഞ്ജു ഒരു റണ്ണെടുത്ത് പുറത്ത്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യക്ക് ആദ്യ തോൽവി

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയുടെ നാലാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. തിരുവനന്തപുരം ഗ്രീൻഫീൽഡിൽ നടന്ന മത്സരത്തിൽ വിജെഡി നിയമപ്രകാരം 4 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുൻപ് നടന്ന മൂന്നു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മഴമൂലം ഇന്നലെ ഇടയ്ക്ക് മുടങ്ങിയ മത്സരം ഇന്നാണ് പൂർത്തിയാക്കിയത്. 52 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

മഴയെത്തുടർന്ന് 25 ഓവറാക്കി മത്സരം ചുരുക്കിയപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ 193 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്നലെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെടുത്ത് നിൽക്കെയാണ് മഴപെയ്ത് കളി മുടങ്ങിയത്. തുടർന്ന് ഇന്നാണ് മത്സരം പുനരാരംഭിച്ചത്.

Read Also: സഞ്ജു ഇന്ത്യ എ ടീമിൽ

ഒരു ഘട്ടത്തിൽ ഇന്ത്യ ജയമുറപ്പിച്ചിരുന്നെങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. ഇന്നലെ ശുഭ്മൻ ഗിൽ (12) പുറത്തായെങ്കിലും അർധസെഞ്ച്വറി (52) നേടിയ ശിഖർ ധവാൻ പ്രശാന്ത് ചോപ്ര (26) യുമായി ചേർന്ന് മികച്ച കളി കെട്ടഴിച്ചു. അർധസെഞ്ചുറി കുറിച്ചതിനു പിന്നാലെ ധവാൻ പുറത്തായി. തുടർന്ന് 17 പന്തുകളിൽ 31 റൺസെടുത്ത ശിവം ദുബെ, 23 പന്തുകളിൽ 26 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയാസ് അയ്യർ എന്നിവർ ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു.

എന്നാൽ ഓരോവറിൽ തന്നെ ദുബെയും ശ്രേയാസും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. തൊട്ടടുത്ത ഓവറിൽ തന്നെ ഓരോ റൺ വീതമെടുത്ത് സഞ്ജു സാംസനും നിതീഷ് റാണയും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവന്നു. 24-ാം ഓവറിലും തൊട്ടടുത്ത പന്തുകളിൽ വാഷിങ്ടൻ സുന്ദറിനേയും (7) തുഷാർ ദേശ്പാണ്ഡെയേയും (1) പുറത്താക്കിയ ദക്ഷിണാഫ്രിക്ക ജയമുറപ്പിച്ചു.

Read Also: സഞ്ജുവോ പന്തോ; ഒരു താരതമ്യ പഠനം

ഇതോടെ ഇന്ത്യക്ക് അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ പതിനഞ്ച് റൺസ് വേണമെന്ന അവസ്ഥയായി. എന്നാൽ പത്ത് റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. രാഹുൽ ചഹാർ (17) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ആൻ‌റിച്ച് നോർട്ടെ, മാർക്കോ ജാൻസൻ, ലുതോ സിപാമ്‌ല എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top