‘ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും സഞ്ജു ബാറ്റ് ചെയ്യും’; നാലാം നമ്പറിൽ മലയാളി താരത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരങ്ങൾ

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യയെ വിജയിപ്പിച്ച മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ഹർഭജൻ സിംഗും. ഏറെ നാളായി തീരുമാനിക്കപ്പെടാതെ കിടക്കുന്ന ഇന്ത്യയുടെ നാലാം നമ്പറിൽ സഞ്ജുവിനെ പരിഗണിക്കണമെന്നും ആ റോൾ ഗംഭീരമായി നിർവഹിക്കാൻ സഞ്ജുവിന് സാധിക്കുമെന്നുമാണ് ഇരുവരും ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.

സഞ്ജുവിനെ നാലാം നമ്പറിൽ പരിഗണിക്കണമെന്ന നിർദ്ദേശവുമായി മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗാണ് ആദ്യം രംഗത്തു വന്നത്. ‘ഏകദിനത്തിലെ നാലാം നമ്പറിൽ എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിച്ചു കൂടാ? മികച്ച സാങ്കേതികത്തികവും ഉത്തരവാദിത്തവുമുള്ള ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നന്നായി കളിച്ചു’- ഹർഭജൻ ട്വീറ്റ് ചെയ്തു.

ഹര്‍ഭജന്റെ നിര്‍ദേശത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റംഗവുമായ ഗൗതം ഗംഭീര്‍ സ്വാഗതം ചെയ്തു. ‘നിലവിലെ ഫോമും കഴിവും വച്ച് നോക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാം. ഈ വിസ്മയത്തെ കൊണ്ടുപോകാന്‍ വിക്രമില്‍ ഇടമുണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ്’-ഗംഭീര്‍ ഹര്‍ഭജന് മറുപടിയായി ട്വീറ്റ് ചെയ്തു.

മത്സരത്തിൽ 48 പന്തുകളിൽ 81 റൺസെടുത്താണ് സഞ്ജു ഇന്ത്യൻ ഇന്നിംഗ്സിൻ്റെ നട്ടെല്ലായത്. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ്. ആറു ബൗണ്ടറികളും ഏഴ് സിക്സറുകളും അടക്കമായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്. ലിസ്റ്റ് എ കരിയറിലെ ഏറ്റവുമുയർന്ന സ്കോർ കുറിച്ച സഞ്ജുവിൻ്റെ മികവിൽ 36 റൺസിനു വിജയിച്ച ഇന്ത്യ 4-1ന് പരമ്പരയും സ്വന്തമാക്കി.

ഇന്ത്യക്കെതിരെ ഒരു ടി-20 മത്സരം മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. പ്രതിഭയുണ്ടായിട്ടും ദേശീയ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തത് മുൻപും ചർച്ചയായിട്ടുണ്ട്. എംഎസ് ധോണി സ്ഥാനം ഒഴിയുന്നതിനൊപ്പം നാലാം നമ്പർ തുറന്നതോടെ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More