കൊട്ടക്കമ്പൂർ ഭൂമി ഇടപാട്; ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി

കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ ജോയ്‌സ് ജോർജ്ജിന് തിരിച്ചടി. ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപേരും കളക്ടർ റദ്ദ് ചെയ്തു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് നടപടി.
ദേവികുളം സബ് കളകർ രേണു രാജാണ് പട്ടയവും തണ്ടപേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പർ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകൾ ആണ് റദ്ദ് ചെയ്തത്. നാലു കാരണങ്ങൾ മുൻ നിർത്തിയായിരുന്നു നടപടി. ജോയിസിന്റെ ഭൂമിയുടെ പട്ടയം കൈവശമുണ്ടായിരുന്ന ലക്ഷ്മി എന്ന സ്ത്രീ പട്ടയം ലഭിച്ച 1968ൽ ജനിച്ചിട്ടു പോലുമില്ല. മാത്രമല്ല, 1970 ൽ നടത്തിയ റീ സർവേയിൽ ലക്ഷ്മിയുടെ പേരില്ല. പട്ടയം അനുവദിക്കേണ്ട ഭൂപതിവ് കമ്മിറ്റിയുടെ രേഖകൾ ജോയിസ് ജോർജ് അടക്കമുള്ളവർക്ക് ഹാജരാക്കാനും കഴിഞ്ഞില്ല.
പത്ത് വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന് നിർദേശമുള്ള ഭൂമി ഇതിനിടയിൽ കൈമാറ്റം ചെയ്തതിലൂടെ പട്ടയ വ്യവസ്ഥകൾ ലംഘിച്ചു. ഈ കാരണങ്ങൾ മുൻ നിർത്തിയായിരുന്നു ദേവികുളം സബ് കളക്ടറുടെ നടപടി. ഒരു വർഷം മുൻപ് അന്നത്തെ സബ്കളക്ടർ വി.ആർ പ്രേംകുമാർ ജോയിസിന്റെ പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. തുടർന്ന് ജോയിസ് ജോർജ് നൽകിയ പരാതിയിൽ രേഖകൾ ആദ്യം മുതൽ പരിശോധിക്കാൻ ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു. ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരിൽ ജോയ്‌സിന്റെ പിതാവ് തടിയമ്പാട് പാലിയത്ത് ജോർജ്, തമിഴ് വംശജരായ ആറുപേരുടെ ഭൂമി കൈവശപ്പെടുത്തി ഭാര്യയുടെയും മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here