കടുത്ത വേനലിൽ സൗദി; സെപ്തംബർ പകുതി വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ വേനല്‍ ചൂട് ഇത്തവണ നീളും. രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് സെപ്തംബര്‍ പകുതി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തീര പ്രദേശങ്ങളിലാണ് വരും ദിവസങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ മുന്നറിപ്പില്‍ പറയുന്നു.

സാധാരണ വേനൽ ചൂടിന് ആഗസ്റ്റ് അവസാനത്തോടെ ശമനം ലഭിക്കാറുണ്ട്. വേനലവധി കഴിഞ്ഞ് സെപ്തംബർ ആദ്യവാരം സ്‌കൂളുകൾ തുറക്കുന്നതോടെ ശരാശരി ചൂടാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ ഒരാഴ്ച പിന്നിട്ടിട്ടും ചൂടിന് ഒട്ടും കുറവില്ല. ചൂട് വർധിക്കുന്ന അവസ്ഥയാണ് കിഴക്കൻ പ്രവിശ്യയിലും പടിഞ്ഞാറൻ ഭാഗങ്ങളിലുമുള്ളത്. നാൽപ്പത് മുതൽ നാൽപ്പത്തഞ്ച് ഡിഗ്രി വരെയുള്ള ചൂടാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. ഇതേ അവസ്ഥ ഈ മാസം പകുതി വരെ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ മറ്റു ഭാഗങ്ങളിലും ശക്തമല്ലെങ്കിലും വേനൽ ചൂട് തുടരുകയാണ്. ചിലയിടങ്ങളിൽ പൊടിയോട് കൂടിയ ചൂട് കാറ്റും അനുഭവപ്പെടുന്നുണ്ട്. കിഴക്കൻ പ്രവിശ്യയിൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ് വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top