തമിഴ് പേസി മഞ്ജു വാര്യർ; പ്രതീക്ഷ നൽകി അസുരൻ ട്രെയിലർ

നടി മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരന്റെ ട്രെയിലർ പുറത്ത് വിട്ടു. ഗംഭീര പ്രകടനമാണ് ധനുഷും മഞ്ജു വാര്യരും ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധനുഷ് വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് അസുരൻ. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ ധനുഷ് രണ്ട് ലുക്കുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. വളരെ ഗൗരവകരമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ മേക്കിംഗിൽ വലിയ പ്രതീക്ഷയാണ് ട്രെയിലർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രണ്ടു കഥാപാത്രങ്ങളെയാണ് ധനുഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. രാജദേവൻ, കാളി എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകൾ. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വേറെ വേറെ പോസ്റ്ററുകളായി മുൻപ് പുറത്തിറക്കിയിരുന്നു.

പഴയ സ്‌റ്റൈൽ ആയ പെൻസിൽ മീശയും ചീകിവച്ച മുടിയുമായി ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരു ലുക്ക് വരുന്നത്. യുവത്വം തിളയ്ക്കുന്ന ലുക്കാണ് രണ്ടാമത്തെ ചിത്രത്തിൽ. മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. വെട്രിമാരനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും. പഴയകാലത്തെ ധനുഷിന്റെ കഥാപാത്രത്തിന്റെ ജോഡി ആയാണ് മഞ്ജു ഈ ചിത്രത്തിൽ എത്തുക.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് തനു ആണ് അസുരൻ നിർമിക്കുന്നത്. ബലാജി ശക്തിവേൽ, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവൻ, യോഗി ബാബു, ആടുകളം നരൻ, തലൈവാസൽ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒക്ടോബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top