പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്കായി തടങ്കൽ പാളയം ഒരുങ്ങുന്നു; നിർമ്മാണത്തൊഴിലാളികളായി പുറത്താക്കപ്പെട്ടവർ തന്നെ

അസം പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കായി കൂറ്റൻ തടങ്കൽ പാളയം ഒരുങ്ങുന്നു. ഏഴു ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പമുള്ള തടവറ അസമിൻ്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു നദിയോട് ചേര്‍ന്നുള്ള വനം വെട്ടിത്തെളിച്ചാണ് ഒരുക്കുന്നത്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
3000 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഗോപാൽപാറയിലെ ഈ തടങ്കൽ പാളയം. സ്‌കൂള്‍, ആശുപത്രി, സുരക്ഷാ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയും ഈ ക്യാംപിനോട് അനുബന്ധിച്ചുണ്ടാകും. കൂറ്റന്‍ ചുറ്റുമതിലും നിരീക്ഷണ ടവറുകളും നിര്‍മ്മിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു തടങ്കൽ പാളയം നിർമ്മിക്കപ്പെടുന്നത്.
പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കിയവർ തന്നെയാണ് ക്യാമ്പ് നിർമിക്കുന്നത്. മറ്റു ജോലികൾ ലഭിക്കാതെ ഇവിടേക്കെത്താൻ അവർ നിർബന്ധിതരാവുകയാണ്. മറ്റു വഴികളില്ലാത്തതു കൊണ്ടാണ് ഈ ജോലിക്കു വന്നതെന്ന് പലരും റോയിട്ടേഴ്സിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ദിവസക്കൂലിയായി ലഭിക്കുന്ന 300 രൂപ പ്രതീക്ഷിച്ചാണ് തങ്ങൾ ഇവിടെ ജോലിയെടുക്കുന്നതാണ് ഇവർ വെളിപ്പെടുത്തുന്നത്.
ലക്ഷക്കണക്കിനാളുകൾക്ക് പൗരത്വവും സ്വാതന്ത്ര്യവും ഇല്ലാതാവുന്നതിനൊപ്പം വരാനിരിക്കുന്ന തലമുറയുടെ ജീവിതത്തെപ്പോലും തകർത്തു കളയുന്ന ഒന്നാണ് അസമിൽ സംഭവിക്കാനിരിക്കുന്നതെന്ന് ആംനസ്റ്റി പറയുന്നു. കഴിഞ്ഞ വര്‍ഷം ജയിലുകള്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുടിയേറ്റക്കാര്‍ക്ക് കുറ്റവാളികള്‍ക്കുള്ള അവകാശങ്ങള്‍ പോലും നല്‍കുന്നില്ലെന്ന് അറിയിച്ചിരുന്നു.
അസമില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന 10 തടവറകളില്‍ ആദ്യത്തേതാണ് ഗോപാല്‍പാറയില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അസം ജയിലുകളില്‍ കഴിയുന്ന 900 അനധികൃത കുടിയേറ്റക്കാരെയായിരിക്കും ആദ്യം ഇവിടെ താമസിപ്പിക്കുകയെന്ന് പേര് വെളിപ്പെടുത്താതെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here