ചാനൽ ചർച്ചകളിലെ ശത്രുക്കൾ തോളിൽ കയ്യിട്ട് ഓണം ആഘോഷിക്കുന്നു; ‘ചർച്ചയല്ല ചങ്ങാത്തം’ തിരുവോണ ദിനത്തിൽ

ചാനൽ ചർച്ചകളിൽ പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ നേതാക്കൽക്ക് ഇത്തവണ ഒരുമിച്ച് ഓണമാഘോഷിക്കാന് ട്വൻ്റിഫോർ ന്യൂസ് അവസരമൊരുക്കിയപ്പോൽ, അതൊരു വ്യത്യസ്ത അനുഭവമായി മാറി. ‘ചർച്ചയല്ല ചങ്ങാത്തം’ എന്ന പരിപാടിയിലാണ് ബദ്ധശത്രുക്കൽ കൈകോർത്ത്, പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ഓണം ആഘോഷിച്ചത്. ഡോക്ടർ അരുൺ കുമാർ അവതാരകനായെത്തിയ പരിപാടി തിരുവോണ ദിനത്തിൽ രാത്രി 8.30ന് സംപ്രേഷണം ചെയ്യും.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻ്റണി രാജു, ബിജെപി വക്താക്കളായ വിവി രാജേഷ്, ജെ ആർ പദ്മകുമാർ, വിഎസ് അച്യുതാനന്ദൻ്റെ മുൻ പിഎ കെഎം ഷാജഹാൻ, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണ, വിദ്യാഭ്യാസ പ്രവർത്തകൻ ഷാജർ ഖാൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിൽ നടന്ന ഓണാഘോഷത്തിൽ ബോട്ട് യാത്ര നടത്തിയും സദ്യയുണ്ടും തമാശകൾ പറഞ്ഞും ഊഞ്ഞാലാടിയും ആഘോഷം ഗംഭീരമാക്കിയ അവർക്ക് പക്ഷേ, ഓണത്തല്ല് നടത്താൻ സാധിക്കാതെ പോയി. ആഘോഷങ്ങൾ പുരോഗമിക്കവേ ബിന്ദു കൃഷ്ണയെ ആര് ഊഞ്ഞാലാട്ടുമെന്ന ചോദ്യമുയർന്നു. ചോദ്യത്തിനുള്ള ഉത്തരം അറിയണമെങ്കിൽ തിരുവോണ നാൾ വരെ കാത്തിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here