യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ കശ്മീരിന് ശക്തമായ മറുപടിയുമായി ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‌ ശക്തമായ മറുപടിയുമായി യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ. ഭീകരവാദത്തിനു കശ്മീരില്‍ ഇടം ലഭിക്കാത്തതാണ് പാകിസ്താനെ
ചൊടിപ്പിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതോടെ പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും ഇന്ത്യാ നിലപാട് വ്യക്തമാക്കി.

കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് പ്രദേശമെന്നും ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും പാകിസ്താന്‍ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ ആരോപിച്ചിരുന്നു. നേതാക്കള്‍ വീട്ടു തടങ്കലിലാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ആരോപണം ഉണ്ടായി. എന്നാല്‍ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും ഇന്ത്യാ വ്യക്തമാക്കി.

പാകിസ്താന്‍ കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കശ്മീരിന്റെ  പ്രത്യേക പദവി നീക്കിയതിലൂടെ പുരോഗമനപരമായ തീരുമാനമാണ് ഇന്ത്യ എടുത്തത്. ആ പ്രദേശത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും കഴിയും.
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് പാകിസ്താന്‍ പ്രവര്‍ത്തിക്കുന്നത്.  പാക് പിന്തുണയോടുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. അതില്‍ നിന്ന് മാറ്റം ആവശ്യമാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ നടപടി പാകിസ്താന്‍ എതിര്‍ക്കുന്നത് ഭീകരവാദികളെ സഹായിക്കുന്നതിന് തുല്യമാണെന്നും മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യാ നിലപാട് എടുത്തു. കശ്മീര്‍ വിഷയത്തില്‍ യു എന്‍ രക്ഷ സമിതിയിലും പാകിസ്താന്‍ ഒറ്റപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top