യുഎഇയിലേക്ക് മനുഷ്യക്കടത്ത്; അജ്മാനിൽ യുവതികൾ കുടുങ്ങിക്കിടക്കുന്നു

യുഎഇയിലേക്കുളള സ്വകാര്യ ഏജൻസിയുടെ മനുഷ്യക്കടത്ത് തുടരുന്നതായി തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട യുവതി ട്വന്റിഫോറിനോട്. അജ്മാനിൽ നാൽപതോളം യുവതികൾ കുടുങ്ങിക്കിടക്കുകയാണെന്ന് യുവതി വെളിപ്പെടുത്തി. ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഏജന്റുമാർ റിക്രൂട്ട്‌മെന്റ് തുടരുകയാണെന്നും യുവതി ചൂണ്ടിക്കാട്ടി.

വീട്ടുജോലിക്കെന്ന വ്യാജേനയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അജ്മാനിലേക്ക് കടത്തുന്നത്. അധികവും സ്ത്രീകളാണ് തട്ടിപ്പിനിരയാകുന്നത്. കുടവ് സ്വദേശിനിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു മാസത്തോളം അജ്മാനിൽ കഴിഞ്ഞതിന് ശേഷമാണ് യുവതി രക്ഷപ്പെടുന്നത്. സ്വകാര്യ ഏജൻസി മുഖേന ഒരു യുവതി തന്നെയാണ് ഇവരെ അജ്മാനിലേക്ക് കടത്തിയത്. അജ്മാനിൽ എത്തിച്ചതിന് ശേഷം യുവതിയെ മറ്റ് പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നതായും അവർ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് യുവതി രക്ഷപ്പെട്ടതെന്നും യുവതി വ്യക്തമാക്കി.

പണം നൽകി സംഭവം ഒതുക്കി തീർക്കാനാണ് ഏജന്റുമാർ ശ്രമിക്കുന്നതെന്ന് യുവതി പറഞ്ഞു. പുറം രാജ്യത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്ന് അറിയാത്ത സ്ത്രീകളാണ് ചതിയിൽപ്പെടുന്നത്. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും അവരുടെ കുടുംബം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യുവതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top