37 സിക്സറുകൾ; ഗെയിലിന്റെ പാഴായ സെഞ്ചുറി; 241 റൺസിന്റെ റെക്കോർഡ് ചേസുമായി സെന്റ് കിറ്റ്സ്

റെക്കോർഡുകൾ കടപുഴകിയ മത്സരത്തിൽ ക്രിസ് ഗെയിലിൻ്റെ ജമൈക്ക തല്ലാവാസിനെ തകർത്ത് സെൻ്റ് കിറ്റ്സ്. കരീബിയൻ പ്രീമിയർ ലീഗിലാണ് ബ്രൂട്ടൽ ഹിറ്റിംഗിൻ്റെ എക്സിബിഷൻ നടന്നത്. 62 പന്തിൽ 116 റൺസടിച്ച ക്രിസ് ഗെയിലിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സിൻ്റെ കരുത്തിൽ ജമൈക്ക 241 റൺസ് അടിച്ചുകൂട്ടിയെങ്കിലും ഏഴ് പന്തുകൾ ബാക്കി നിൽക്കെ സെൻ്റ് കിറ്റ്സ് വിജയം കുറിക്കുകയായിരുന്നു. കരീബിയൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചേസാണിത്.

ഓപ്പണിങ്ങില്‍ നായകന്‍ ഡെവോണ്‍ തോമസിന്റേയും എവിന്‍ ലൂയിസും ചേർന്ന 85 റണ്‍സ് കൂട്ടുകെട്ടും, രണ്ടാം വിക്കറ്റില്‍ തോമസും, ലോറി ഇവാന്‍സും ചേര്‍ന്ന 76 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ജമൈക്കയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. 18 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം എവിൻ ലൂയിസ് 53 റൺസെടുത്തപ്പോൾ 40 പന്തുകളിൽ 8 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം ഡെവോൺ തോമസ് 71 റൺസെടുത്തു. ലോറി ഇവാൻസ് (41-20, 4*2, 6*4), ഫേബിയൻ അലൻ (37-15, 4*2, 6*2), ഷമാർ ബ്രൂക്സ് (27-15, 4*3, 6*1) എന്നിവരും സെൻ്റ് കിറ്റ്സിൻ്റെ തകർപ്പൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. 14ആം ഓവറിൽ മൂന്നു വിക്കറ്റെടുത്ത ഒഷേൻ തോമസ് സെൻ്റ് കിറ്റ്സിനെ വിറപ്പിച്ചെങ്കിലും 37 റൺസെടുത്ത് പുറത്താവാതെ നിന്ന ഫേബിയൻ അലൻ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

മറുവശത്ത് 62 പന്തുകളിൽ ഏഴ് ബൗണ്ടറികളും 10 സിക്സറുകളും സഹിതമാണ് ഗെയിൽ 116 റൺസടിച്ചത്. ചാഡ്‌വിക്ക് വാൾട്ടണും (36-73, 4*3, 6*8) ജമൈക്ക തല്ലാവാസിനു വേണ്ടി തിളങ്ങി. രണ്ട് ടീമുകളും കൂടി 37 സിക്‌സുകളാണ് അടിച്ചത്. അതിൽ 10 സിക്‌സറുകൾ ക്രിസ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും എട്ടെണ്ണം ചാഡ്‌വിക്ക് വാൾട്ടണിൻ്റെ ബാറ്റിൽ നിന്നും പിറന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top