അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പുറത്താക്കിയതായി ട്രംപ്

അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പുറത്താക്കിയതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാകുന്നില്ല എന്ന വിശദീകരണത്തോടെയാണ് പുറത്താക്കിയ വിവരം ട്രംപ് ട്വീറ്റ് ചെയ്തത്. നയപരമായ തീരുമാനങ്ങളിലെ ഭിന്നതകളാണ് ബോള്‍ട്ടന്റെ പുറത്താക്കലിലേക്ക് നയിച്ചത്.

ഉത്തരകൊറിയ, അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളില്‍ ട്രംപും ജോണ്‍ ബോള്‍ട്ടനും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. ഭിന്നത രൂക്ഷമായതോടെ പ്രധാന യോഗങ്ങളില്‍ നിന്നെല്ലാം ബോള്‍ട്ടന്‍ വിട്ടുനിന്നു. സ്വന്തം തീരുമാനങ്ങളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നോട്ടുപോയതോടെയാണ് പുറത്താക്കല്‍ തീരുമാനമെത്തിയത്. ബോള്‍ട്ടന്റെ സേവനം ഇനി മുതല്‍ വൈറ്റ് ഹൗസിന് ആവശ്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അടുത്ത ആഴ്ച നിയമിക്കുമെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ തലേന്നു തന്നെ താന്‍ രാജിക്കത്ത് നല്‍കിയതാണെന്നും ഇതേക്കുറിച്ച് നാളെ സംസാരിക്കാം എന്നുപറഞ്ഞ് പ്രസിഡന്റ് മടക്കി അയക്കുകയായിരുന്നു എന്നും തൊട്ടുപിന്നാലെ ബോള്‍ട്ടന്റെ ട്വീറ്റെത്തി.

ട്രംപിനു കീഴില്‍ സ്ഥാനം നഷ്ടമാകുന്ന മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടന്‍. ഏറ്റവുമധികം കാലം ഈ പദവിയില്‍ ഇരുന്ന വ്യക്തി കൂടിയാണ് ജോണ്‍ ബോള്‍ട്ടന്‍. 520 ദിവസമാണ് അദ്ദേഹം ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത്. വിദേശനയത്തില്‍ തീവ്ര നിലപാടുകാരനായ ബോള്‍ട്ടന്‍, ഇറാനെതിരെ സൈനിക നടപടി വേണമെന്ന് വാദിച്ചവരില്‍ പ്രധാനിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top