മദ്യവിൽപനയിൽ വീണ്ടും റെക്കോർഡ്; എട്ടു ദിവസം കൊണ്ട് വിറ്റത് 487 കോടിയുടെ മദ്യം

മദ്യത്തില്‍ മുങ്ങി കേരളത്തിന്റെ ഓണക്കാലം. ഉത്രാടം വരെയുള്ള എട്ടുദിവസം ബവ്‌റിജിസ് ഔട്ട്‌ലെറ്റുകളില്‍ നിന്നുമാത്രം 487 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 90 കോടി രൂപയുടെ മദ്യം. ഏറ്റവുമധികം മദ്യം വിറ്റ ഔട്ട്‌ലെറ്റെന്ന പദവി ഇരിങ്ങാലക്കുട നിലനിര്‍ത്തി.

കഴിഞ്ഞ വര്‍ഷം 457 കോടി രൂപയുടെ മദ്യം വിറ്റ ഉത്രാടംവരെയുള്ള എട്ടുനാളില്‍ വില്‍പന 487 കോടിയായാണ് വര്‍ധിച്ചത്. 30 കോടി രൂപയുടെ അധിക വില്‍പന. 90.32 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ മാത്രം വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നുശതമാനം അധികം. ഒരു കോടി നാല്‍പത്തി നാലായിരം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് ഇക്കുറിയും ഒന്നാമന്‍. എന്നാല്‍ വില്‍പനയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഉത്രാടത്തിന് ഇരിങ്ങാലക്കുടയില്‍ ഒരുകോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റിരുന്നു. പ്രളയംകാരണം സമീപത്തെ മറ്റ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതാണ് കഴിഞ്ഞ തവണത്തെ അധിക വില്‍പനയുടെ കാരണം. ആലപ്പുഴ കോടതി ജംഗ്ഷനിലെ ഔട്ട്‌ലെറ്റാണ് രണ്ടാമത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റ് മൂന്നാമതാണ്. ബാറുകള്‍ ഉള്‍പ്പെടെ ബെവ്‌കോയ്ക്ക് പുറത്തുള്ള മറ്റ് മാര്‍ഗങ്ങളിലൂടെ വിതരണം ചെയ്ത കണക്ക് കൂടി വരുമ്പോഴേ മലയാളി കൂടിച്ചുതീര്‍ത്ത മദ്യത്തിന്റെ അളവ് പൂര്‍ണമാകൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top