കൊച്ചി മേയർക്കെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി മേയർ സൗമിനി ജെയ്‌നിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭരണപക്ഷ അംഗങ്ങൾ വിട്ടു നിന്നതോടെ 74 അംഗ കൗൺസിലിലിൽ എൽഡിഎഫ് പക്ഷത്തെ 33 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 38 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നത്. യുഡിഎഫ് ജില്ലാ കൺവീനർ നൽകിയ വിപ്പിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് കൗൺസിലർമാർ യോഗത്തിൽ നിന്ന് വിട്ടു നിന്നത്.

Read Also; കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം വാട്ടർ അതോറിറ്റിയാണെന്ന് ആരോപിച്ച് മേയറുടെ കുത്തിയിരിപ്പ് സമരം

കോർപറേഷനിലെ രണ്ട് ബിജെപി കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തന്നെ യുഡിഎഫ് കൈവിടുമെന്ന അബദ്ധ ധാരണയായിരുന്നു പ്രതിപക്ഷത്തിനെന്ന് മേയർ സൗമിനി ജെയ്ൻ പ്രതികരിച്ചു. അതേ സമയം പരാജയ ഭീതി മൂലം മേയറും കൂട്ടരും ഒളിച്ചോടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടെടുപ്പിൽ പങ്കെടുത്താൽ യുഡിഎഫ് അംഗങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് തിരിച്ചറിഞ്ഞ് ഭരണപക്ഷം അംഗങ്ങളെ മുറിയിൽ പൂട്ടിയിടുകയായിരുന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

Read Also; കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ തീരുമാനം

മേയറുടെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നേരത്തെ നോട്ടീസ് നൽകിയത്. മേയർ സൗമിനിക്കെതിരെ കോൺഗ്രസിനുള്ളിൽ അസംതൃപ്തി ഉയർന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു പ്രതിപക്ഷ നീക്കം. മേയർ സ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നത്. ഇത് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് പോലും അവസരം നൽകാതെ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top