നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്ന് പുന്നല ശ്രീകുമാർ

നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്നും വിവാദങ്ങൾ സമിതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സമിതി കൺവീനർ പുന്നല ശ്രീകുമാർ. പിന്തുണച്ചവർക്ക് ആശങ്ക വേണ്ട. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾ കൂട്ടായ്മയെ നയിക്കുമെന്നും കെപിഎംഎസ് നേതാവ് കൂടിയായ പുന്നല ശ്രീകുമാർ പറഞ്ഞു. സംവരണ മുന്നണിയെന്ന പരാമർശം അപകടകരമാണ്. പിന്നോക്ക അവകാശ സംരക്ഷണം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. നവോത്ഥാന സ്മൃതി യാത്രയടക്കം നിശ്ചയിച്ച എല്ലാ പരിപാടികളും നടക്കുമെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.
ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുൻ കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ചില സംഘടനകൾ പിൻമാറുന്നതായി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ അമ്പതിലധികം സമുദായ സംഘടനകളാണ് സമിതി വിടാൻ തീരുമാനിച്ചത്.സമിതിയുടെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിലുള്ള സമുദായ സംഘടനകൾ സമിതി വിടുമെന്ന് പ്രഖ്യാപിച്ചത്. സമിതിയുടെ പ്രവർത്തനങ്ങൾ ചില സംഘടനകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഹിന്ദു പാർലമെന്റ് അധ്യക്ഷൻ സി.പി സുഗതൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഐഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ ആത്മാർത്ഥതയില്ല. കേവലം സംവരണ മുന്നണിയായി സമിതി മാറിയെന്നും ഇവർ ആരോപിക്കുന്നു. സമിതിയുടെ കൺവീനർ പുന്നല ശ്രീകുമാറും ജോയിന്റ് കൺവീനറും ഹിന്ദു പാർലമെന്റ് നേതാവുമായ സി പി സുഗതനും തമ്മിലുള്ള ഭിന്നതയാണ് പിളർപ്പിനുളള കാരണമെന്നാണ് സൂചന. അതേ സമയം ഏതെങ്കിലും വ്യക്തികൾ ശ്രമിച്ചാൽ നവോത്ഥാന മുന്നേറ്റം തടയാൻ കഴിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here