ഉറക്കെ ചിരിച്ചു; വായ അടക്കാൻ പറ്റാത്ത രീതിയിൽ യുവതിയുടെ താടിയെല്ല് തെന്നി

ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ചൈനയിൽ ഉറക്കെ ചിരിച്ച യുവതി അകപ്പെട്ടത് വലിയ കുഴപ്പത്തിലാണ്. ട്രെയിനിലിരുന്ന് ഉറക്കെ ചിരിച്ച യുവതിയുടെ താടിയെല്ല് തെന്നിപ്പോയി. ഇതോടെ വായടക്കാൻ പറ്റാതായ യുവതിയും ഇത് കണ്ട യാത്രക്കാരും ആകെ ഭയന്നു. സഹയാത്രികനായ ഒരു ഡോക്ടറാണ് യുവതിയെ രക്ഷിച്ചത്.
ചൈനയിലെ ഗുവാൻസോ സൗത്ത് റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ട്രെയിനിലാണ് ഈ അപൂർവ സംഭവം നടന്നത്. യുവതിയുടെ താടിയെല്ല് തെന്നി വായടക്കാൻ പറ്റാതായതോടെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ട്രെയിനിൽ പ്രചരിപ്പിച്ചു. ഇത് കേട്ട ലുവോ വെൻഷെംഗ് എന്ന ഡോക്ടറാണ് യുവതിയുടെ സഹായത്തിനെത്തിയത്.
Read Also : ഫുട്ബോൾ മത്സരം കാണാനെത്തി അറസ്റ്റിലായതിൽ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തിയ ഇറാനിയൻ യുവതി മരിച്ചു
ഡോക്ടർ എത്തുമ്പോൾ യുവതിയുടെ വായിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ആദ്യം സ്‌ട്രോക്ക് വന്നതാണെന്നാണ് ഡോക്ടർ ലുവോ വെൻഷെംഗ് കരുതിയത്. പിന്നീട് രക്തസമ്മർദം പരിശോധിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴാണ് യുവതി വായടക്കാനോ സംസാരിക്കാനോ പറ്റാത്ത സാഹചര്യത്തിലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. തുടർന്ന് താടിയെല്ല് തെന്നിയതാണെന്ന് മനസ്സിലായി.
ആദ്യ തവണ താടിയെല്ല് ശരിയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടാം തവണയാണ് പരിശ്രമം ഫലം കണ്ടത്. മുമ്പ് ഗർഭിണിയായിരുന്ന സമയത്ത് ഛർദിച്ചപ്പോഴും തന്റെ താടിയെല്ല് തെന്നിയിട്ടുണ്ടെന്ന് യുവതി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here