ചിദംബരം തിഹാറിൽ തുടരും; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാമെന്ന ഹർജി തള്ളി

ഐഎൻഎക്സ് മീഡിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാമെന്ന മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ഹർജി തള്ളി. സിബിഐ കോടതിയാണ് ഹർജി തള്ളിയത്. കേസിൽ ചിദംബരത്തിനെ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ പി.ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണം തുടരുകയാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബിഐ കോടതിയെ അറിയിച്ചു.

ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ മതിയെന്നും അറസ്റ്റ് നടപടികളിലേക്ക് ആവശ്യമെങ്കിൽ പിന്നീട് നീങ്ങിക്കൊള്ളാമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതേ തുടർന്നാണ് കോടതി ഹർജി തള്ളിയത്.ഐഎൻഎക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് പി.ചിദംബരം. ഈ മാസം 19 വരെയാണ് കസ്റ്റഡി കാലാവധി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top