ഡോറിയൻ ചുഴലിക്കാറ്റ്; കാണാതായവരുടെ എണ്ണം 1300 ആയി ചുരുങ്ങി

ഡോറിയൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബഹാമസിൽ കാണാതായവരുടെ എണ്ണം 1300 ആയി ചുരുങ്ങി. ഒരാഴ്ചക്കിടെ 1200 പേരെ കണ്ടെത്തിയതായി ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കാണതായവരുടെ പട്ടികയിൽ പെടുത്തിയ പലരും സ്വന്തം വീടുകളിൽ സുരക്ഷിതരായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. ബഹാമസിൽ കനത്ത ദുരന്തം വിതച്ച ഡോറിയൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. ഇപ്പോഴും 1300 ഓളം പേരെ കണ്ടെത്തിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം, ഒരാഴ്ചക്കിടെ കാണാതായവരുടെ എണ്ണം 2500 ൽ നിന്ന് 1300 ആയി ചുരുങ്ങിയത് വലിയ ആശ്വസമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സർക്കാർ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും വിവരങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ച് ജനങ്ങളെ അറിയിക്കുമെന്നും ബഹാമസ് പ്രധാനമന്ത്രി ഹുബർട്ട് മിന്നിസ് വ്യക്തമാക്കി.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി അമേരിക്ക ബഹാമസിന് 28 കോടി രൂപ അനുവദിച്ചു. ഭക്ഷണം, പാർപ്പിടം, മരുന്നുകൾ എന്നിവയ്ക്കായാണ് തുക അനുവദിക്കുന്നതെന്ന് അമേരിക്ക അറിയിച്ചു. മണിക്കൂറിൽ 295 മുതൽ 354 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞുവീശുന്ന കാറ്റഗറി അഞ്ച് വിഭാഗത്തിൽപ്പെടുന്ന ഡോറിയൻ ചുഴലിക്കാറ്റ് ഈ മാസം ആദ്യമാണ് കരീബിയൻ രാജ്യമായ ബഹാമസിൽ അപകടം വിതച്ചത്. ഇപ്പോഴും പതിനയ്യായിരത്തോളം ആളുകളാണ് ഡോറിയൻ ചുഴലിക്കാറ്റ് മൂലം ദുരന്തമനുഭവിക്കുന്നത്. അബാക്കോ ദ്വീപിലും ഗ്രാൻഡ് ബഹാമസ് ദ്വീപിലുമാണ് ഡോറിയൻ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. ബാക്കോ ദ്വീപിലെ 45 ശതമാനം വീടുകളും തകർന്നതായാണ് റെഡ്‌ക്രോസ് ഇന്റർനാഷണലിന്റെ റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top