ക്രിക്കറ്റ് കളിക്കിടെ പെല്ലറ്റ് ആക്രമണം; ‘തെരുവിലെ വിരാട്’ മരണത്തിനു കീഴടങ്ങി: പരിക്കേറ്റത് കല്ലേറിലെന്നവകാശപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് പൊലീസ്

“കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ പുറത്തായപ്പോൾപോലും വിരാട് കോലിയെ ആരെങ്കിലും വിമർശിക്കുന്നത് അസ്റാർ സഹിച്ചിരുന്നില്ല. ഈ തെരുവിലെ വിരാട് എന്നായിരുന്നു എല്ലാവരും അവനെ വിളിച്ചിരുന്നത്. അവൻ്റെ മൊബൈൽ സ്ക്രീൻസേവർ പോലും കോലിയുടെ പടമായിരുന്നു”- ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന പത്താംക്ലാസുകാരൻ്റെ അനിയനാണ് പറയുന്നത്.
ആഗസ്റ്റ് ആറിന് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് കണ്ണീർവാതക ഷെല്ലും പെല്ലറ്റും ഏറ്റ് അസ്റാറിനു ഗുരുതര പരിക്കേറ്റത്. ഷേരെ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്കെഐഎംഎസ്) ചികിസ്തയിലായിരുന്ന ഈ 17കാരൻ കഴിഞ്ഞയാഴ്ച ജീവൻ വെടിഞ്ഞു. മരണ കാരണം പെല്ലറ്റും ഷെല്ലും കൊണ്ടുള്ള പരിക്കാണെന്ന് ആശുപത്രി രേഖകൾ പറയുന്നു.
അതേസമയം, കല്ലേറിൽ പരിക്കേറ്റതാണെന്ന് ആദ്യം പ്രതികരിച്ച ജമ്മു-കശ്മീർ പൊലീസ്, മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മലക്കം മറിഞ്ഞു. അതിൽ അവ്യക്തതകളുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് ഇപ്പോൾ അവരുടെ നിലപാട്. ഓൺലൈൻ വാർത്താ പോർട്ടലായ ‘ദി പ്രിൻറ്’ ആണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടത്.
മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ തെറിച്ചുവീണ പന്തെടുക്കാൻ പോയ അസ്റാറിനു നേരെ ആദ്യം വന്നത് കണ്ണീർവാതക ഷെൽ ആയിരുന്നു. അതോടെ കണ്ണുകാണാതായ അവൻ നിലത്തിരുന്നു. തുടർന്നാണ് മുഖം ലക്ഷ്യമാക്കി പെല്ലറ്റ് വെടി വന്നതെന്ന് ദൃക്സാക്ഷിയായ സഹോദരൻ പറയുന്നു.
സയൻസിനും കണക്കിനും നൂറുശതമാനവും ആകെ 90 ശതമാനവും രേഖപ്പെടുത്തിയ, അസ്റാറിൻ്റെ മാർക്ലിസ്റ്റ് ഉയർത്തിപ്പിടിച്ചു കൊണ്ട് അവൻ്റെ ഉമ്മ ചോദിച്ചത്, ഒരു കല്ലേറുകാരൻ്റെ മാർക്ലിസ്റ്റ് ആണിതെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു. പഠനത്തിലും അതുകഴിഞ്ഞാൽ ക്രിക്കറ്റിലും മാത്രമായിരുന്നു അവൻ്റെ ശ്രദ്ധയെന്നും കല്ലേറിൽ ഒരിക്കലും അവൻ പങ്കെടുക്കാറില്ലായിരുന്നുവെന്നും രാഷ്ട്രീയ മാറ്റങ്ങൾ പോലും അവൻ ശ്രദ്ധിക്കാറില്ലെന്നും മാതാവ് വിവരിച്ചു. എട്ടാംക്ലാസ് മുതൽ പഠിപ്പിച്ച അധ്യാപകൻ പറഞ്ഞത്, അസ്റാർ അതിബുദ്ധിശാലിയായ വിദ്യാർഥിയായിരുന്നു എന്നാണ്.
കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ ഓടാഞ്ഞതും മുഖം മറച്ചുപിടിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, കണ്ണു നീറി ഒന്നും കാണാൻ വയ്യാതെ പോയതുകൊണ്ടാണെന്നായിരുന്നു അവൻ്റെ മറുപടി എന്ന്, അസ്റാറിനെ ആശുപത്രിയിലെത്തിച്ച അമ്മാവൻ ഇർഫാൻ ഖാൻ വിവരിച്ചു. പെല്ലറ്റ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ഓപറേഷൻ തിയറ്ററിൽനിന്ന് തിരിച്ച് വെൻ്റിലേറ്റിലാക്കിയ അസ്റാർ പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here