ഇനിയും വേണോ ജീവനെടുക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ ?

പൊതുനിരത്തുകളിൽ വ്യക്തികളും സംഘടനകളുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ ഇന്ന് മനുഷ്യജീവനുകളെടുക്കുന്ന മഹാ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുയർത്തുമ്പോൾ മറുവശത്ത് റോഡപകടങ്ങളുണ്ടാക്കിയും ഫ്‌ളക്‌സുകൾ പലവിധത്തിൽ മനുഷ്യന് ഭീഷണിയുയർത്തുകയാണ്. റോഡരികിലെ ഫ്‌ളക്‌സ് ബോർഡ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വീണ് ചെന്നൈയിൽ ഇരുപത്തിമൂന്നുകാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചത് കഴിഞ്ഞ ദിവസമാണ്.

Read Also; ഫ്ല​ക്സ് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം: സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈയിൽ മാത്രമല്ല കേരളത്തിലടക്കം മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തിൽ എത്രയോ അപകടങ്ങളാണ് നടക്കുന്നത്. റോഡിൽ വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള ഫ്‌ളക്‌സ് ബോർഡുകൾ മിക്കയിടങ്ങളിലും റോഡരികിൽ കാണാനാകും. കാലമേറെക്കഴിഞ്ഞാലും മണ്ണിൽ ലയിച്ചുചേരാത്ത, പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമായ, ഇപ്പോൾ റോഡുകളിൽ ആളെക്കൊല്ലികളുമാകുന്ന ഇത്തരം ഫ്‌ളക്‌സ് ബോർഡുകളെ നമ്മൾ എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലായാലും പരിസ്ഥിതിയുടെ കാര്യത്തിലായാലും ഏറെ ആശങ്കപ്പെടുന്ന നമ്മുടെ പരിഷ്‌കൃതസമൂഹം ഫ്‌ളക്‌സിന് ഇനിയും സ്ഥാനം നൽകണോ എന്നാണ് മനസിരുത്തി ചിന്തിക്കേണ്ടത്.

ഫ്‌ളക്‌സുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ

പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഒരേപോലെ ദോഷകരമാണ് ഫ്ളക്സ് എന്ന മഹാവിപത്ത്. പോളിവിനൈൽ ക്ലോറൈഡ് (പി വി സി) എന്ന ജൈവ വിഘടന ശേഷിയില്ലാത്ത ഒരു രാസവസ്തുവാണ് ഫ്ളക്‌സ്. ഇത് ഉണ്ടാക്കുമ്പോൾ അമ്ല വാതകങ്ങൾ പുറത്തുവരുന്നതോടൊപ്പം ക്യാൻസർ ഉണ്ടാക്കുന്ന അതിമാരകമായ ടെട്രാ ക്ലോറോഡൈബെൻസോ പാരാഡൈയോക്സിനും കൂടി ഉണ്ടാകുന്നുണ്ട്.

ഫ്ളക്‌സിൽ നിന്നു പുറത്തു വരുന്ന ബിസ്ഫെനോളും മറ്റും ആൺകുട്ടികളിൽ സ്ത്രൈണ സ്വഭാവം വളർത്തുന്നതിനും വന്ധ്യതക്കും കാരണമാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പെൺകുട്ടികളിൽ സ്തനാർബുദത്തിനും കരൾ-കിഡ്നി തകരാറുകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും ഇത് കാരണമാകാം.

പി വി സി യിൽ നിന്നും പുറത്തുവരുന്ന ഡൈയോക്സിനുകൾ മഴവെള്ളത്തിലൂടെ ജലസ്രോതസ്സുകളിലേക്കും ഇവിടെ നിന്ന് കുടിവെള്ളത്തിലൂടെയുമാണ് പ്രധാനമായും മനുഷ്യ ശരീരത്തിലേക്ക് എത്തുക.ഫ്ളക്‌സ് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും ഏറെ മാരകമാണ്.

ഇങ്ങനെ ശ്വാസകോശത്തിലെത്തുന്ന ഡൈയോക്സിനുകൾ ക്യാൻസറിന് കാരണമാകും. ഹോർമോൺ അസന്തുലിതാവസ്ഥ, പ്രതിരോധ ശേഷി കുറവ്, ഉദരസംബന്ധമായ രോഗങ്ങൾ, ജനിതകവൈകല്യങ്ങൾ എന്നിവ ഉണ്ടാക്കുവാൻ ഫ്ളക്‌സിലെ രാസപദാർത്ഥങ്ങൾക്ക് കഴിവുണ്ട്. ഫ്ളക്‌സിൽ ഉപയോഗിക്കുന്ന മഷി ത്വക് രോഗങ്ങൾ, അലർജി  എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top