‘കെ. എം മാണിയുടെ ആത്മാവ് പോലും മാണി സി കാപ്പന്റെ ജയം ആഗ്രഹിക്കുന്നു’: വിനയൻ

ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന് വേണ്ടി സിനിമ പ്രവർത്തകർ ഉൾപ്പെടെയുള്ള സാംസ്‌കാരിക നായകർ പാലായിൽ എത്തിത്തുടങ്ങി. മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന കലാജാഥ രണ്ട് ദിവസം കൊണ്ട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കും. സംവിധായകൻ വിനയനും, ജാഫർ ഇടുക്കിയുമാണ് ആദ്യ ദിനത്തിൽ മാണി സി കാപ്പന് വോട്ടഭ്യർത്ഥിക്കാൻ എത്തിയത്

നിർമാതാവ് കൂടിയായ മാണി സി കാപ്പന് വോട്ടുതേടാൻ കലാജാഥ ഒരുക്കിയാണ് സിനിമ താരങ്ങളും അണിയറ പ്രവർത്തകരും പാലായിൽ എത്തിയത്. രാമപുരം ജംഗ്ഷനിൽ എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്തു. ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്ത് സംവിധായകൻ വിനയൻ പറഞ്ഞു. കെ. എം മാണിയുടെ ആത്മാവ് പോലും കാപ്പന്റെ ജയം ആഗ്രഹിക്കുന്നുവെന്നും തന്റെ പേരുകാരൻ ജയിക്കുന്നത് മാണിക്ക് സന്തോഷമാകുമെന്നും വിനയൻ പറഞ്ഞു.

രാഷ്ട്രീയം തുറന്നു പറഞ്ഞ ജാഫർ ഇടുക്കി ഇക്കുറി മാറ്റത്തിനായി വോട്ട് ചെയ്യാൻ പാലാക്കാരോട് അഭ്യർത്ഥിച്ചു. കുറേ നാൾ നമ്മൾ ജയ അരിയുടെ ചോറ് കഴിച്ചു. അത് മാറ്റി വേറെ അരി ഒന്ന് വച്ച് നോക്കാമെന്നായിരുന്നു ജാഫർ ഇടുക്കിയുടെ പ്രതികരണം. യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ അവഹേളിച്ചതിലും ജാഫർ ഇടുക്കി പ്രതിഷേധം അറിയിച്ചു. മാന്യനായ ജോസഫ് സാറിനെ കൂകിവിളിച്ചത് ശരിയായില്ലെന്ന് ജാഫർ ഇടുക്കി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top