മരട് ഫ്‌ളാറ്റ് പ്രശ്‌നം; മൂന്ന് ഇന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിൽ മൂന്ന് ഇന നിർദേശങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. മൂന്നംഗ സമിതി CRZ സോൺ നിശ്ചയിച്ചതിലെ വീഴ്ചകൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്‌ളാറ്റ് ഉടമകളുടെ ഭാഗം കേൾക്കുക, പൊളിക്കുന്നെങ്കിൽ പുനരധിവാസം ഉറപ്പാക്കുക എന്നീ നിർദേശങ്ങളാണ് രമേശ് ചെന്നിത്തല കത്തിൽ മുന്നോട്ടു വെയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രിക്കും നൽകിയിട്ടുണ്ട്.
സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗങ്ങളായ ജില്ലാ കളക്ടർ, മരട് മുൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവരടങ്ങുന്ന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി തീരുമാനമെടുത്തത്. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം CRZ മൂന്ന് ക്യാറ്റഗറിയിൽപ്പെടുന്ന പ്രദേശമാണ്. എന്നാൽ പുതിയ CRZ വിജ്ഞാപനമനുസരിച്ച് ക്യാറ്റഗറി രണ്ടിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ഈ വിജ്ഞാപനം സർക്കാർ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇക്കാര്യം നഗരസഭ പരിഗണിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്. ഈ വീഴ്ച സുപ്രീം കോടതിയ്ക്ക് മുമ്പാകെ കൊണ്ടു വരണമെന്ന പ്രധാന നിർദേശവും കത്തിൽ പറയുന്നുണ്ട്.
മാത്രമല്ല, കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തി ഫ്‌ളാറ്റ് ഉടമകളെ രമേശ് ചെന്നിത്തല കണ്ടിരുന്നു. ഫ്‌ളാറ്റ് ഒഴിഞ്ഞു പോകുക എന്നത് ഉടമകളെ സംബന്ധിച്ച് വലിയ മാനസിക പ്രശ്‌നമാണെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here