സംസ്ഥാനത്ത് പ്രളയക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്രസംഘം വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. മലപ്പുറം,ആലപ്പുഴ ജില്ലകളിലാണ് കേന്ദ്രസംഘം ഇന്ന് സന്ദർശനം നടത്തിയത്. ആഭ്യന്തരമന്ത്രാലയം  ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ആദ്യഘട്ട കേന്ദ്രസംഘമാണ്  പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചത്.

കേരളത്തിനു നൽകേണ്ട പ്രളയ ദുരിതാശ്വാസ സഹായം സംബന്ധിച്ച് ഈ  സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ആലപ്പുഴയിലും മലപ്പുറം മഞ്ചേരിയിലും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കേന്ദ്രസംഘം ഇന്ന് യോഗം ചേർന്നിരുന്നു. വിവിധ മേഖലകളിലുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ കേന്ദ്ര സംഘത്തിനു മുന്നിൽ ജില്ലാ ഭരണകൂടം അവതരിപ്പിച്ചു. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി.

Read Also; 2018 ലെ പ്രളയം; അർഹതയുണ്ടെന്ന് കണ്ടെത്തിയവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

മലപ്പുറത്ത് വൻ ദുരന്തമുണ്ടായ കവളപ്പാറയിലും നിലമ്പൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലുമാണ് കേന്ദ്രസംഘം ഇന്ന് സന്ദർശനം നടത്തിയത്. ആലപ്പുഴയിൽ മടവീഴ്ചയുണ്ടായ  കുട്ടനാട് മേഖലയിലും കടലാക്രമണമുണ്ടായ ഒറ്റമശ്ശേരി,കാട്ടൂർ പ്രദേശങ്ങളിലും കേന്ദ്രസംഘമെത്തി. ആദ്യഘട്ട സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സംഘം കൂടി കേരളത്തിലെത്തി പരിശോധന നടത്തും.

അതിനു ശേഷമേ കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ കേന്ദ്രസംഘത്തിന്റെ സന്ദർശനം വ്യാഴാഴ്ച വരെ തുടരും. 2101.9കോടിയുടെ പ്രളയദുരിതാശ്വാസ സഹായം കേന്ദ്രസംഘത്തോട്  സംസ്ഥാനം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ  ജില്ലകളിൽ  സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം 20 ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെ സന്ദർശിച്ച ശേഷം  ഡൽഹിക്ക് മടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top