ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർധിപ്പിച്ചു

ജിദ്ദയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. 25 ശതമാനം വരെയാണ് വർധനവ്. വർധനവിനെതിരെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. പതിനായിരത്തോളം ഇന്ത്യക്കാരാണ് സ്‌കൂളിൽ പഠിക്കുന്നത്. ജിദ്ദയിലെ കമ്മ്യൂണിറ്റി സ്‌കൂളായ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ 21 മുതൽ 25 ശതമാനം വരെയാണ് ട്യൂഷൻ ഫീസ് വർധിപ്പിച്ചിരിക്കുന്നത്. എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെ 60.43 റിയാലും, ആറ് മുതൽ എട്ട് വരെ 65.43 റിയാലും, 9 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 70.43 റിയാലും വർധിച്ചു. വർധനവ് ഈ മാസം മുതൽ തന്നെ പ്രാബല്യത്തിൽ വന്നു. ഇതുവരെ 240 മുതൽ 340 വരെ റിയാൽ ഫീസ് നൽകിയിരുന്ന സ്ഥാനത്ത് ഇനി 300 മുതൽ 410 റിയാൽ വരെ ഫീസ് നൽകേണ്ടി വരും.

Read Also; പ്രളയക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങായി പ്രവാസി സമൂഹം; ജിദ്ദയിൽ സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി

നാല് വർഷത്തിന് ശേഷമാണ് സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നത്. നടത്തിപ്പ് ചിലവ് വർധിച്ചതാണ് ഫീസ് വർധനവിന് കാരണമെന്ന് മാനേജ്‌മെൻറ് പ്രതിനിധികൾ പറഞ്ഞു. വർധനവിന് ശേഷവും മറ്റു സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ഫീസാണ് ജിദ്ദയിൽ ഈടാക്കുന്നതെന്നും മാനേജ്‌മെന്റ് പറയുന്നു. ഏപ്രിൽ മുതൽ പുതിയ ഫീസ് ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നു അംഗീകാരം ലഭിച്ചെങ്കിലും സെപ്തംബർ മുതൽ മാത്രമേ പുതിയ ഫീസ് ഈടാക്കുകയുള്ളൂവെന്ന് സ്‌കൂൾ സർക്കുലറിൽ പറയുന്നു. അതേസമയം ഫീസ് വർധനവ് നീതീകരിക്കാനാകില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top