ആലപ്പുഴ നഗരസഭാ ചെയർമാന്റെ രാജിയെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി; 11 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു

ആലപ്പുഴ നഗരസഭാ ചെയർമാന്റെ രാജിയെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി. 11 കൗൺസിലർമാർ കോൺഗ്രസ് അംഗത്വം രാജിവച്ചു. തങ്ങളോട് ആലോചിക്കാതെ ഡിസിസി നേതൃത്വം ചെയർമാന്റെ രാജിക്ക് നിർദ്ദേശം നൽകിയതാണ് പാർട്ടിയിൽ നിന്നുള്ള തങ്ങളുടെ രാജിക്ക് കാരണമായി കൗൺസിലർമാർ പറയുന്നത്. ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്ത് നിന്ന് തോമസ് ജോസഫ് രാജി വച്ചതിന് പിന്നാലെയാണ് കൗൺസിലർമാരിൽ പതിനൊന്ന് പേർ കോൺഗ്രസിൽ നിന്ന് രാജി വച്ചത്. അതേസമയം ചെയർമാൻ സ്ഥാനം അടുത്ത ഒരു വർഷത്തക്ക് ഇല്ലിക്കൽ കുഞ്ഞുമോന് നൽകാനാണ് പാർട്ടി തീരുമാനം.

Read Also; ലേക് പാലസ് വിവാദം; പിഴ തുക യായ 2.71 കോടി തന്നെ ലേക് പാലസിൽ നിന്ന് ഈടാക്കും;സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ

തോമസ് ജോസഫിനെ അനുകൂലിക്കുന്ന കൗൺസിലർമാർ ചെയർമാൻ സ്ഥാനം മാറേണ്ടതില്ലെന്ന് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാൽ ആദ്യ 3 വർഷം തോമസ് ജോസഫും പിന്നീടുള്ള രണ്ടുവർഷം ഇല്ലിക്കൽ കുഞ്ഞുമോനും അധ്യക്ഷ പദവിയിൽ ഇരിക്കണമെന്ന ധാരണ ഉണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇക്കാര്യത്തിൽ തർക്കം മുറുകിയതോടെയാണ് തോമസ് ജോസഫിനോട് ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം നിർദേശം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top