കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷം; തോമസ് പോൾ റമ്പാന് നേരെ കൈയേറ്റ ശ്രമം

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് സംഘർഷം. പളളിയിലെ വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റുന്നത് സംബന്ധിച്ചായിരുന്നു തർക്കം. തിരുശേഷിപ്പ് യാക്കോബായ വിഭാഗം മാറ്റുന്നത് തടയാനെത്തിയ ഓർത്തഡോക്‌സ് വൈദികനടക്കമുള്ളവർക്ക് സംഘർഷത്തിൽ പരുക്കേറ്റു.

സഭ വിശുദ്ധനായി കരുതുന്ന എൽദോ മാർ ബസേലിയോസ് ബായുടെ തിരുശേഷിപ്പാണ് യാക്കോബായ വിഭാഗം കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. കോഴിപ്പിള്ളിയിലെ യാക്കോബായ സഭയുടെ പുതിയ ചാപ്പലിലേക്കാണ് തിരുശേഷിപ്പ് മാറ്റി സ്ഥാപിക്കുന്നത്. നിലവിൽ യാക്കോബായ സഭയുടെ സമ്പൂർണ നിയന്ത്രണത്തിലാണ് പള്ളിയുടെ ഭരണം. സുപ്രീംകോടതി വിധി പ്രകാരം മറുവിഭാഗത്തിനാണ് ഭരണ നിയന്ത്രണ അവകാശം.

തിരുശേഷിപ്പ് മാറ്റി സ്ഥാപിക്കുന്നത് തടയാൻ ഓർത്തഡോക്‌സ് വൈദികനായ തോമസ് പോൾ റമ്പാൻ എതാനും പേരോടൊപ്പം പള്ളിയിലെത്തി. തിരുശേഷിപ്പ് മാറ്റാനുള്ള ശ്രമം തടയാൻ ശ്രമിച്ചു. ഇതോടെ പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിശ്വാസികളുടെ സംഘം വൈദികനും കൂട്ടർക്കുമെതിരെ കൈയേറ്റ ശ്രമം നടത്തി. തോമസ് പോൾ റമ്പാന്റെ വാഹനത്തിന്റെ ചില്ലുകൾ തകർത്തു. തോമസ് പോൾ റമ്പാനും ഒപ്പമുണ്ടായിരുന്നവർക്കും സംഘർഷത്തിൽ പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പൊലീസുകർക്കും പരുക്കുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More