ഒളിവിലല്ല; ഇബ്രാഹിം കുഞ്ഞ് കുന്നുകരയിലുണ്ട്

അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എവിടെയാണെന്ന് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ എറണാകുളം ജില്ലയിലെ കുന്നുകരയിൽ അദ്ദേഹം ഉണ്ടെന്ന തെളിവുകൾ പുറത്ത്. നിലവിൽ ഇബ്രാഹിം കുഞ്ഞ് ഒളിവിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കുന്നുകര പഞ്ചായത്തിൽ ഇബ്രാഹിം കുഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
രേഖകൾ പ്രകാരം ഇബ്രാഹിം കുഞ്ഞ് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് ഉള്ളത്. എന്നാൽ അദ്ദേഹത്തെ കാണാൻ അവിടെയെത്തിയ മാധ്യമപ്രവർത്തകരോട് എംഎൽഎയുടെ സ്റ്റാഫ് അംഗങ്ങൾ എംഎൽഎ കൊച്ചിയിലാണെന്ന് വിശദീകരിച്ചിരുന്നു.
എന്നാൽ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിനൊപ്പം കുന്നകര പഞ്ചായത്തിലെ കുന്നുകര, വയൽക്കര പ്രദേശങ്ങളിലാണ് ഇബ്രാഹിം കുഞ്ഞ് ഉള്ളത്. ജില്ലാ കളക്ടറും സംഘത്തിലുണ്ട്.
പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് വിജിലൻസ് അറിയിച്ചു. അദ്ദേഹത്തെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും വിജിലൻസ് പറഞ്ഞു.
കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ നേരത്തെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here