‘നിന്റെ മുഖവും കണ്ണടയും വേർതിരിച്ചറിയാൻ പറ്റുന്നില്ലെന്ന് ഒരു നടൻ സിംപിളായിട്ട് പറഞ്ഞു, എന്റെയും അനുഭവമാണ് രാവൺ’: ആദർശ് കുമാർ അണിയൽ

മകനെ കാണാതായ ഒരു അച്ഛന്റെ ആകുലതകളിലൂടെ കറുപ്പിന്റെ വ്യക്തമായ രാഷ്ട്രീയം പറഞ്ഞുവച്ചു രാവൺ എന്ന മ്യൂസിക് ആൽബം. ദളിതനായതിന്റേയും കറുത്തവനായതിന്റേയുമൊക്കെ പേരിൽ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമാകുകയായിരുന്നു രാവൺ. വളരെ കുറച്ച് സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ചലനം സൃഷ്ടിക്കാൻ രാവണിന് സാധിച്ചു. കൈകാര്യം ചെയ്ത വിഷയത്തിന്റെ സമകാലിക പ്രാധാന്യം തന്നെയാണ് രാവൺ ഇത്രയധികം ഏറ്റെടുക്കപ്പെടാൺ കാരണമായത്. രാവണിലുള്ളത് തന്റേയും അനുഭവമാണെന്ന് പറഞ്ഞുവയ്ക്കുകയാണ് സംവിധായകൻ ആദർശ് കുമാർ അണിയൽ. അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത രാഷ്ട്രീയം തന്നെയാണ് ഈ ചെറുപ്പക്കാരന്റേത്. പറയാൻ ഏറെയുണ്ട് ആദർശിന്. രാവണിന്റെ വിശേഷങ്ങളും ജീവിതാനുഭവങ്ങളും എന്താകണമെന്ന സ്വപ്‌നവുമെല്ലാം ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ് ആദർശ്.
തന്റെ മാത്രം അനുഭവങ്ങളല്ല രാവണിലൂടെ പറഞ്ഞുവയ്ക്കുന്നതെന്ന് ആദർശ് പറയുന്നു. മുടി നീട്ടി വളർത്തുകയോ, ചായം തേച്ച് നടക്കുകയോ ചെയ്തിരുന്ന ആളായിരുന്നില്ല താൻ. മുടി നീട്ടി വളർത്തിയവർ മോശക്കാരാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നല്ല കുട്ടി ഇമേജിന് വേണ്ടി കുട്ടപ്പനായി നടന്നിരുന്ന ആളാണ് താൻ. മുടി നീട്ടി വളർത്തിയിരുന്നവരെയെല്ലാം കാണുമ്പോൾ ഇന്നത്തെ പൊതുബോധത്തിനുണ്ടായിരുന്ന സമീപനമായിരുന്നു തനിക്കും ഉണ്ടായിരുന്നതെന്ന് ആദർശ് പറയുന്നു. നിരവധി അനുഭവങ്ങളുണ്ട്. ഇന്ന് സിനിമയിൽ സജീവമായ ഒരു നടൻ തന്നോട് മോശമായി പെരുമാറിയ സംഭവമുണ്ടായിട്ടുണ്ട്. കണ്ണടവച്ചപ്പോൾ, നിന്റെ മുഖവും കണ്ണടയും വേർതിരിച്ചറിയുന്നില്ലെന്ന് വളരെ സിംപിളായി അദ്ദേഹം പറഞ്ഞു. അന്ന് ആളത്ര തിളങ്ങിയിരുന്ന സമയമല്ല. പൊതുബോധത്തിൽ നിന്നാണ് അദ്ദേഹം അത് പറഞ്ഞതെന്നാണ് താൻ കരുതുന്നതെന്നും ആദർശ് പറയുന്നു.
മുഹ്‌സിൻ പരാരിയുടെ ആൽബങ്ങൾ തനിക്ക് പ്രചോദനമായിട്ടുണ്ട്. പറയാനുള്ള ആശയം കൂടുതൽ ഫലപ്രദമായി ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് ആ മാർഗം ഉപയോഗിച്ചത്. പാട്ടാണെങ്കിലും മ്യൂസിക്കാണെങ്കിലും ആളുകളിലേക്ക് എത്താൻ സമയമെടുക്കും. ചിലപ്പോൾ പാളിപോയേക്കാം. ഷോർട്ട് ഫിലിമാണെങ്കിലും അങ്ങനെ തന്നെയാണ്. ഒരു തർക്കവും കൂടാതെ നേരിട്ട് പറയാൻ ഇത് നല്ല മാർഗമായി തോന്നിയെന്നും ആദർശ് പറഞ്ഞു. നേറ്റീവ് ബാപ്പയൊക്കെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിനെ പിന്തുടരണമെന്നുണ്ടായിരുന്നുവെന്നും ആദർശ് വ്യക്തമാക്കുന്നു.
ഒരു ഫിലിം മേക്കറാകണമെന്നാണ് ആഗ്രഹം. സിനിമാ രംഗത്തേക്ക് കടന്നുവരാൻ ഒരുപാട് സംവിധായകർ പ്രചോദനമായിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, പാ രഞ്ജിത്ത്, മാരി സെൽവരാജ് ഉൾപ്പെടെയുള്ളവർ ഏറെ സ്വാധീനിച്ചു. അപ്പൂപ്പനും അച്ഛനുമാണ് കലയിലേക്ക് തിരിച്ചുവിട്ടത്. ഈ മേഖലയിൽ തുടരണമെന്നാണ് ആഗ്രഹമെന്നും ആദർശ് പറഞ്ഞുവയ്ക്കുന്നു.
Read Also: ‘കാണാതെ പോയത് എന്റെ മേനെയല്ലേ, കോലോത്തെ പശുവിനെയല്ലല്ലോ?’; ശ്രദ്ധേയമായി ‘രാവൺ’
ആദർശുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here