കെട്ടുകഥകളാണ് ഫുട്‌ബോൾ കഥകൾ

രണ്ടായിരത്തി മൂന്നിലാണ്, ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസോയിൽ സൈനിക അട്ടിമറി നീക്കം നടന്നു. തൊട്ടുമുമ്പുള്ള ആഭ്യന്തര യുദ്ധത്തിൽ നാട് തവിട് പൊടിയായി കിടക്കുകയാണ്. അതിന് പിന്നാലെയാണ് പുതിയ നീക്കം.

ജീവിതം ഏത് വഴിക്കും മുന്നോട്ട് പോകില്ലെന്ന് ഉറപ്പായതോടെയാണ് ബോറി ഫാത്തി നാടുവിട്ടത്. കുടുംബസ്ഥനാണ്, ഫുട്‌ബോളറാണ്, പക്ഷേ തോറ്റവരുടെ കൂട്ടത്തിലാണ്. ഭാര്യയെയും മക്കളെയും തത്ക്കാലം നാട്ടിൽ നിർത്തി. അവരെ കൂടി രക്ഷപ്പെടുത്താൻ പന്ത് മാത്രം കാലിൽ കരുതി. ആദ്യം പോർച്ചുഗലിൽ പോയി. ചെറിയ ലീഗുകളിൽ കളിച്ചു നോക്കി.  തോറ്റവരുടെ കൂട്ടത്തിൽ തന്നെ . സ്‌പെയിനിലെ മറിനാലഡെയിൽ കുടിയേറ്റക്കാർക്ക് ജോലി കൊടുക്കുന്നുണ്ടെന്ന് കേട്ടു. കാലിലെ പന്തവിടെ ഉപേക്ഷിച്ച് സ്‌പെയിനിലേക്ക് പോയി. ജോലിയന്വേഷിച്ച് നടന്നു. തോറ്റ കൂട്ടത്തിന്റെ ഒത്ത നടുക്കാണ് നിൽപ്പെന്ന് അയാൾക്കന്ന് തോന്നിയിരിക്കാം. ജോലിയല്ലല്ലോ പട്ടിണിയല്ലേ വലുത്. പിന്നെ തേടി നടന്നത് ഭക്ഷണമാണ്.തെരുവിൽ ഭക്ഷണം യാചിച്ച് നടക്കുന്നതിനിടയിലാണ് അവിടത്തെ മേയറെ കണ്ടത്. മേയർ ഡ്രൈവറാക്കി. നാട്ടിൽ നിന്ന് കുടുംബത്തെ കൊണ്ട് വന്നു. മക്കൾ വന്നത് അച്ഛനുപേക്ഷിച്ച പന്തുമായാണ്.
മക്കൾ സ്‌പെയിനിൽ പന്തുമായി കളിക്കാനും കളി പഠിക്കാനുമിറങ്ങി.

അതിൽ രണ്ടാമനാണ് അൻസു ഫാത്തി. ബാഴ്‌സലോണയിൽ പതിനാറാം വയസിൽ അരങ്ങേറി ചരിത്രമുണ്ടാക്കിയവൻ. മെസിയില്ലാത്ത ബാഴ്‌സയെ കാലിൽ ചുമവന്നവൻ . ‘സ്‌കൂളിൽ ‘പോകുന്ന കാലത്ത് മെസിക്കൊപ്പം കളിച്ച് നടക്കുന്നവൻ. ബാഴ്‌സയുടെ ഭാവിയെന്ന് വിളിക്കപ്പെടുന്നവൻ. ലോകം മുഴുവൻ ഒരാഴ്ചയായി ലാളിക്കുന്നവൻ. ചിരിയിൽ കലർപ്പില്ലാത്ത ആഹ്‌ളാദവും കാലിൽ ഉപാധികളില്ലാത്ത പ്രതിഭയുമുള്ളവൻ. അയാളില്ലേ, അച്ഛൻ ഫാത്തിഅയാളിപ്പോൾ ജയിച്ചവരുടെ കൂട്ടത്തിലിരുന്ന് കുർബാന ചൊല്ലുകയായിരിക്കും. ‘ഞാനിന്ന് മരിച്ചാലും കുഴപ്പമില്ല. മരണ വേദന എന്തായാലും ഞാനറിയില്ല ‘ അൻസു അരങ്ങേറിയ അന്ന് ബോറി പറഞ്ഞതാണ്.  അതിൽ കൂടുതൽ അയാളെന്ത് പറയാനാണ്! ഞാനാലോചിക്കുന്നത് കഥകളെ ഗർഭം ധരിച്ചാകുമല്ലേ ഫുട്‌ബോളിങ്ങനെ വീർത്തിരിക്കുന്നേ, ഫുട്‌ബോളിന് പറയാനുള്ളത്ര കഥയും കഥാപാത്രങ്ങളും ഭൂമിയിലൊരു ഭാഷയിലുമില്ലല്ലേ…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top