കൊച്ചിയിലെ 40ൽ അധികം ഫ്‌ളാറ്റുകൾ തീരദേശ പരിപാലന നിയമം ലംഘിച്ചതായി പരാതി

മരടിലെ വിവാദ ഫ്‌ളാറ്റുകൾക്ക് പുറമേ കൊച്ചിയിലെ കൂടുതൽ ഫ്‌ളാറ്റുകൾക്കെതിരെ പരാതി. മറൈൻ ഡ്രൈവിലടക്കം 40 ൽ അധികം ഫ്‌ളാറ്റുകൾ തീരദേശ പരിപാലന നിയമം ലംഘിച്ചതായാണ് മുഖ്യമന്ത്രിക്കും, കോസ്റ്റൽ സോൺ അതോറിറ്റിക്കും അടക്കം പരാതി ലഭിച്ചിരിക്കുന്നത്. സുപ്രിം കോടതി പൊളിച്ച് കളയാൻ ഉത്തരവിട്ട ഫ്‌ളാറ്റുകളിലൊന്നായ അൽഫാ വെൻജേഴ്‌സിയ താമസക്കാരൻ രഞ്ജിത്ത് രവീന്ദ്രനാണ് പരാതിക്ക് പിന്നിൽ.
എറണാകുളം മറൈൻ ഡ്രൈവിലെ അബാദ് മറീനാ പ്ലാസ, ലിംഗ് ഹൊറിസോൺ, ഡി ഡി സമുദ്ര ദർശൻ, മറീന മജസ്റ്റിക്ക്, പൂർവ്വ ഓഷ്യാന തേവരയിലെ ചാക്കോളസ് ബേസൈഡ്, മേതർ വൈറ്റ് വാട്ടർ തുടങ്ങി നാൽപ്പതോളം ഫ്‌ളാറ്റുകൾക്കെതിരെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ചതിന് പരാതി നൽകിയിരിക്കുന്നത്. സുപ്രിം കോടതി പൊളിച്ച് കളയാൻ ഉത്തരവിട്ട മരടിലെ അൽഫാ വെൻജേഴ്‌സ് എന്ന ഫ്‌ളാറ്റിലെ താമസിക്കുന്ന രഞ്ജിത്ത് രവീന്ദ്രനാണ് പരാതിക്കാരൻ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, കോസ്റ്റൽ സോൺ അതോറിറ്റി, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർക്ക് പരാതി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 40 ഓളം ഫ്‌ളാറ്റുകൾക്കെതിരെ ആൽഫയിലെ താമസക്കാരൻ പരാതി നൽകിയത്. മറൈൻ ഡ്രൈവിലും തേവരയിലുമടക്കം വേമ്പനാട്ട് കായലിന്റെ തീരങ്ങളിലായുള്ള 40 ഓളം ഫ്‌ളാറ്റുകൾ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് പരാതിയിൽ ചൂണ്ടി കാട്ടുന്നു. ഈ ഫ്‌ളാറ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. സുപ്രിം കോടതി വിധി പ്രകാരം മരടിലെ 5 ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കിയാൽ കൊച്ചിയിൽ കൂടുതൽ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വരുമെന്ന സൂചനയായാണ് ഈ പരാതിയെ ഫ്‌ളാറ്റുടമകളുടെ സംഘടന കണക്കാക്കുന്നത്. പൊളിച്ച് നീക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ നിർമ്മാതകളുടെ സഹായവും ഈ പരാതിക്ക് പിന്നിലുണ്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here