ഹസൻ റൂഹാനിക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെറിഫീനും അമേരിക്ക വിസ അനുവദിച്ചു

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെറിഫീനും അമേരിക്ക വിസ അനുവദിച്ചു. അടുത്ത ആഴ്ച
ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിൽ പങ്കെടുക്കാനാണ് വിസ അനുവദിച്ചത്. നേരത്തെ ഇറാൻ പ്രതിനിധി സംഘത്തിന് വിസ അനുവദിക്കുന്നത് സംബന്ധിച്ച ചില തർക്കങ്ങൾ നിലനിന്നിരുന്നു.

പ്രസിഡൻറ് ഹസൻ റൂഹാനിക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെറിഫീനും അമേരിക്ക വിസ അനുവദിച്ച വിവരം ഇറാൻ വിദേശകാര്യ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഇരു നേതാക്കളും ഉടൻ പുറപ്പെടുമെന്നും വക്താവ് അറിയിച്ചു. നേരത്തെ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനുള്ള ഇറാൻ പ്രതിനിധി സംഘത്തിനുള്ള വിസ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെറിഫ് കുറ്റപ്പെടുത്തിയിരുന്നു.

വിസ അനുവദിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ താൻ പരിശോധിക്കാറില്ലെന്നായിരുന്നു മൈക്ക് പോംപിയോയുടെ മറുപടി. ഒരു പക്ഷേ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടത് കൊണ്ടായിരിക്കും ഇറാൻ പ്രതിനിധി സംഘത്തിന് വിസ നിഷേധിക്കുന്നത് എന്നും പോംപിയോ പറഞ്ഞിരുന്നു. ആതിഥേയ രാജ്യമെന്ന നിലയ്ക്ക് ഐക്യരാഷ്ട്ര സഭ യോഗങ്ങളിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധി സംഘങ്ങൾക്ക് വിസ അനുവദിക്കുകയെന്നത് അമേരിക്ക കടമയായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top