ഇന്ന് അൽഷിമേഴ്‌സ് ദിനം; തികച്ചും വ്യത്യസ്തവും വിജ്ഞാന പ്രദവുമായ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. അഗസ്റ്റസ് മോറിസ്

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം. വീണ്ടുമൊരു അൽഷിമേഴ്‌സ് ദിനം കൂടി കടന്നു പോകുമ്പോൾ ഈ ദിവസത്തെ കുറിച്ച് ഓർത്തെടുക്കാൻ ഏറെയുണ്ട്.

കൃത്യമായി ചികിത്സയില്ലാത്ത ഓർമകളെ കാർന്നു തിന്ന് മരണത്തിലേക്ക് നയിക്കുന്ന മറവിരോഗ ബാധിതരുടെ എണ്ണം നാൾക്കു നാൾ വർധിക്കുകയാണ്. 2011ൽ കേരളത്തിൽ  1.5 ലക്ഷം ആളുകളാണ് രോഗബാധിതരായിട്ടുള്ളതെങ്കിൽ 2021 ആകുമ്പോൾ രോഗബാധിതരുടെ എണ്ണം  2ലക്ഷം കടക്കുമെന്നാണ് കണക്കുകൾ.

തിരിച്ചറിയപ്പെടാൻ വൈകുന്ന അൽഷിമേഴ്‌സ് രോഗവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന, തികച്ചും വ്യത്യസ്തവും വിജ്ഞാന പ്രദവുമായ ഫേസ്ബുക്ക് പോസ്റ്റാണ് ഡോക്ടർ അഗസ്റ്റസ് മോറിസിന്റേത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

( 1 ) ഭാരത പര്യടനം എന്ന കൃതിയിലൂടെ ദുര്യോധനനെ പുകഴ്ത്തിയും യുധിഷ്ഠിരനെ ഇകഴ്ത്തിയും കുട്ടിക്കൃഷ്ണമാരാർ കൈരളിയെ പ്രകമ്പനം കൊള്ളിച്ച സമയം. രത്‌നത്തെ മഞ്ചാടി കുരുവിൽ നിന്നും വേർതിരിക്കാൻ മാത്രമല്ല , അതിനെ വിലയിരുത്താനും കഴിവുള്ളയാൾ എന്ന് മാരാരെ പറ്റി ശ്രീ സുകുമാർ അഴീക്കോട് പറഞ്ഞ കാലം. വായനക്കാർ പലരും ചോദിച്ചു , ‘എന്തുകൊണ്ട് മാരാർ രാമായണ പര്യടനം എഴുതിയില്ല ? ”. കാലം കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം എഴുതിയ ചെറുകഥ വായിച്ചിട്ട് ശ്രീ.എസ്‌കെ പൊറ്റക്കാട് ഇങ്ങനെ പറഞ്ഞു , ‘മാരാർ മുച്ചൂടും ബുദ്ധിശൂന്യമായ കഥ’. ആ പ്രതിഭയ്ക്ക് പിൽക്കാലത്ത് എന്താണ് സംഭവിച്ചതെന്നറിയാൻ ആരും മെനക്കട്ടില്ല .

( 2 ) വലിയ കുഴപ്പമില്ലാതെ ഒരാളുടെ ജീവിത നൗക കുഞ്ഞോളങ്ങളിൽ കൂടി മുന്നോട്ടുപോകവേ അതാ കാറും കോളും ഉടലെടുക്കുന്നു. ആദ്യം മറവിയിൽ തുടങ്ങുന്നു . ക്രമേണ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ പ്രത്യക്ഷപ്പെടുന്നു. വല്ലാത്ത ദേഷ്യം ,വിഷാദം, ജീവിതപങ്കാളിയെ സംശയിക്കൽ, വീട്ടിലേക്കുള്ള വഴി മറന്നുപോകൽ, വസ്ത്രം ധരിക്കുന്നത് എങ്ങനെയെന്ന് അറിയായ്ക, കുളിമുറി, ശൗചാലയം എന്തിനാണെന്ന് തിട്ടമില്ലായ്മ , പൂട്ടും താക്കോലുമുപയോഗിച്ച് വാതിലടയ്ക്കൽ … എല്ലാം മറന്നുപോകുന്നു. സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും നിഷ്‌കാസിതനായി ഒടുവിൽ മരണം. അൽഷെയ്‌മേഴ്‌സ് രോഗം ലഘുവായി ഇങ്ങനെ പറയാം.

( 3 ) ബവേറിയയിൽ ജനിച്ച ALOIS ALZHEIMER ( 1864 1915 ) ജർമ്മൻ നഗരമായ ഫ്രാങ്ക് ഫെർട്ടിൽ തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ പരാജയമായിരുന്നു ഫലം. അപ്പോഴാണ് മ്യൂണിക്കിൽ നിന്നും ഒരു വിളി വന്നത്. മനഃശാസ്ത്ര കുലപതി എമിൽ ക്രേപ്ലിൻ വക. അദ്ദേഹം സ്ഥാപിച്ച സൈക്ക്യാട്രി ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് അലോയിസിനെ ക്ഷണിച്ചു. ന്യൂറോ സൈക്ക്യാട്രി രംഗത്തെ ഗവേഷണങ്ങളുടെ ഫലമായി, അലോയ്‌സ് അൽഷിമേയർ  1906 ൽ ഒരു രോഗാവസ്ഥ വിവരിച്ചു. അസാധാരണ മനോരോഗം മൂലം അന്തരിച്ച ഒരു സ്ത്രീയുടെ തലച്ചോർ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയപ്പോൾ അദ്ദേഹം കണ്ടെത്തിയ ചില കാര്യങ്ങൾ ചില കരടുകളും വിഷ രാസ വസ്തുക്കളും നാഡീകോശങ്ങൾ തമ്മിലുള്ള വാർത്താ വിനിമയങ്ങൾ തകാരാറിലാക്കി ബുദ്ധിയെ, ഓർമ്മയെ കാർന്നു തിന്നുന്നു എന്നദ്ദേഹം വിവരിച്ചു. കോശങ്ങൾക്കകത്തുള്ള NEUROFIBRILLAY TANGLES ,തന്തുക്കൾക്കിടയിൽ കാണുന്ന AMYLOID PLAQUES എന്നിവ നാഡീകോശങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ഇല്ലായ്മ ചെയ്യുന്നു. മറവിയുടെ അഗാധ കയങ്ങളിലേക്ക് രോഗി എടുത്തെറിയപ്പെടുന്നു. പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുന്നു.

( 4 ) അൽഷെയ്‌മേർ എഴുതിവച്ചത് വാർധക്യ കാലത്തുണ്ടാകുന്ന ഏകൈകമായ അസാധാരണ ബുദ്ധിമാന്ദ്യം എന്നായിരുന്നു. അത് ശരിയല്ല. പ്രായമേറുന്തോറും അസുഖം വരാനുള്ള സാധ്യത കൂടുന്നു എന്ന് മാത്രം. DOWN SYNDROME ഉള്ള കുട്ടികളിൽ ഏതാണ്ട് 25 വയസ്സ് ആകുമ്പോഴേക്കും ഈ രോഗം പിടിപെടാറുണ്ട്. വായനയും എഴുത്തും കൈമുതലായുള്ളവർക്ക് അസുഖം പിടിപെടാൻ ലേശം കാലതാമസം എടുക്കും. കാരണം അവരിൽ നാഡീകോശങ്ങളുടെ ശാഖകളായ ഡെൻഡ്രൈറ്റുകളുടെ എണ്ണം കൂടുതലായിരിക്കും. പ്രതിഭകളുടെ രോഗാവസ്ഥ മാത്രമേ വാർത്താപ്രാധാന്യം നേടാറുള്ളൂ.

( 5 ) മലയാളത്തിൽ’ തന്മാത്ര’, ഹോളിവുഡിൽ’STILL ALICE’ തുടങ്ങിയ ചലച്ചിത്രങ്ങൾ ഈ രോഗാവസ്ഥയെ ഇതിവൃത്തമാക്കി എടുത്തവയാണ്. ഇന്ത്യയിൽ ഏതാണ്ട് 40 ലക്ഷത്തോളം ആൾക്കാർക്ക് അൽഷെയ്‌മേഴ്‌സ് & അനുബന്ധ സ്മൃതി ക്ഷയ രോഗങ്ങൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പണ്ട് കാലത്ത് സംഭവിച്ച കാര്യങ്ങൾ ഓർമ്മയുണ്ടാകുക, അടുത്ത കാലത്ത് സംഭവിച്ചത് മറന്നുപോകുക, സമയം സ്ഥലം തുടങ്ങിയവയെപ്പറ്റിയുള്ള ബോധം പോകുക , സ്വന്തം ഇച്ഛ പ്രകാരം ശരീരത്തെ ചലിപ്പിക്കാൻ ആവതില്ലായ്മ (അപ്രാക്‌സിയ), കുളിമുറിയിലെ മൊന്ത എന്തിനുള്ളതാണെന്ന് അറിയായ്ക. മലം, ശൗചാലയത്തിന്റെ ഭിത്തിയിൽ തേച്ച് വയ്ക്കുക, വയസ്സായ ജീവിതപങ്കാളി വേറെ ആരൊക്കെയായോ രതിക്രീഡ നടത്തുന്നു എന്ന് ശങ്കിക്കുക , കള്ളൻ കയറുമെന്നുള്ള ഭീതി … ചുരുക്കത്തിൽ ഊണും ഉറക്കവും വിശ്രമവും നഷ്ടപ്പെട്ട് വെപ്രാളം ബാധിച്ച് , ഒരു പരുവമാകുന്ന അവസ്ഥ .

( 6 ) രോഗത്തെ MILD, MODERATE & SEVERE എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. കോളിൻ എസ്ടരേസ് ഇൻഹിബിറ്റർ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഉപയോഗിച്ച് രോഗകാഠിന്യം കുറയ്ക്കാനും ഏതാണ്ട് നോർമൽ ജീവിതം സാധ്യമാക്കാനും കഴിയും .

( 7 ) എല്ലാ വർഷവും സെപ്റ്റംബർ 21 , ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കാറുണ്ട് . ഈ വർഷത്തെ തീം ‘LETS TALK ABOUT DEMENTIA END THE STIGMA ‘സ്മൃതിക്ഷയത്തെപ്പറ്റി നമുക്ക് സംസാരിക്കാം , അവഗണന ഒഴിവാക്കുക…. ഒപ്പം ആറ് കാര്യങ്ങൾ കൂടി …..രോഗികളെ അവഗണിക്കാതിരിക്കുക, മുതിർന്ന ആളുകളോടെന്ന പോലെ അവരോടു പെരുമാറുക, അവരെ പേര് വിളിച്ച് സംബോധന ചെയ്യുക, അവർ എല്ലായ്‌പ്പോഴും കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണെന്ന് കരുതാതിരിക്കുക, എന്നെ അറിയാമോ എന്റെ പേര് അറിയാമോ എന്നൊന്നും അവരോടു ചോദിക്കാതിരിക്കുക , നിങ്ങളെ മറന്നുപോകും എന്നതുകൊണ്ട് അടിക്കടി അവരെ സന്ദർശിക്കുന്നത് ഒഴിവാക്കുക .

( 8 ) തന്റെ സാഹിത്യ ജീവിതത്തിലെ സുവർണകാലം കോഴിക്കോട്ടെ വാടക വീടുകളിൽ താമസിച്ച കുട്ടിക്കൃഷ്ണ മാരാർ , മേധാക്ഷയത്തിന് അടിപ്പെട്ട് അന്ത്യ നാളുകൾ തള്ളിനീക്കി . അപ്പോഴും ആ ധിഷണാശാലിക്ക് എന്താണ് പറ്റിയതെന്നറിയാൻ മെനക്കെടാതെ പലരും അദ്ദേഹത്തെ വിമർശിച്ചു. അൽഷിമേഴ്‌സ്
ബാധിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കുട്ടിക്കൃഷ്ണമാരാർക്ക് സ്മരണാഞ്ജലി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top