റഷ്യയിൽ കടപുഴകി ചരിത്രം; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി അമിത് പാംഗൽ

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി അമിത് പാംഗൽ. 52 കിലോ വിഭാഗത്തിലാണ് അമിത് കലാശപ്പോരിലേക്ക് അർഹത നേടിയത്. സെമിയിൽ കസാക്കിസ്ഥാന്റെ സാക്കെൻ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ചരിത്രത്തിലേക്ക് കാലെടുത്തു വെച്ചത്. നാളെ നടക്കുന്ന ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ, ഒളിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവായ ഷഖോബിഡിൻ സോയിറോവാണ് അമിതിൻ്റെ എതിരാളി.
ലോക ചാമ്പ്യൻഷിപ്പിൻ്റെ ക്വാർട്ടറിലെത്തിയതാണ് ഇതുവരെയുള്ള അമിതിൻ്റെ ഏറ്റവും മികച്ച നേട്ടം. 2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി സ്വന്തമാക്കിയ അമിത് ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിയിട്ടുണ്ട്.
ലോക ചാമ്പ്യൻഷിപ്പിൽ ഇതുവരെ വെങ്കലം വരെ നേടാനേ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചിരുന്നുള്ളൂ. വിജേന്ദർ സിംഗ്, വികാസ് കൃഷ്ണൻ, ശിവ ഥാപ്പ, ഗൗരവ് ബിദൂരി എന്നീ സൂപ്പർ താരങ്ങൾക്ക് പോലും വെങ്കലത്തിനപ്പുറം കടക്കാനായില്ല. അവിടെയാണ് അമിത് ശ്രദ്ധേയനായത്.
ലോക ചാമ്പ്യൻഷിപ്പിൻ്റെ ഒരു എഡിഷനിൽ ഒന്നിലധികം മെഡൽ എന്ന നേട്ടവും ഇന്ത്യ ആദ്യമായി ഇക്കൊല്ലം സ്വന്തമാക്കി. സെമിയിൽ ക്യൂബയുടെ ഒന്നാം നമ്പർ താരത്തോട് പരാജയപ്പെട്ട മനീഷ് കൗശികാണ് അമിതിനൊപ്പം മെഡൽ നേടിയത്. മനീഷിന് വെങ്കലം ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here