പിടിച്ചെടുത്തത് 63878 കിലോ കഞ്ചാവ്; കൂട്ടിയിട്ടു കത്തിച്ച് പൊലീസ്

കഞ്ചാവ് പിടിച്ചെടുത്താൽ എന്ത് ചെയ്യും? കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യാം. എന്നാൽ കുറേയധികം കിലോ കഞ്ചാവ് പിടിച്ചെടുത്താലോ? വിശാഖപട്ടണം റൂറൽ പൊലീസ് കൂടുതലൊന്നും ആലോചിച്ചില്ല. കൂട്ടിയിട്ടു കത്തിച്ചു. അതും ചില്ലറ ഗ്രാമോ കിലോയോ ഒന്നുമല്ല. 63878 കിലോ കഞ്ചാവാണ് പൊലീസുകാർ കൂട്ടിയിട്ടു കത്തിച്ചത്.

കഴിഞ്ഞ 10 വർഷം കൊണ്ട് സംസ്ഥാനത്താകെ 455 കേസുകളിൽ നിന്നായി പിടിച്ചെടുത്തതാണ് 63 ടൺ കഞ്ചാവ്. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിശാഖപട്ടണം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലേക്കെത്തിച്ചാണ് കർമ്മം നടത്തിയത്.

“കഴിഞ്ഞ വർഷം, 43341 കിലോ കഞ്ചാവ് ഞങ്ങൾ നശിപ്പിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവർ മറ്റു കൃഷികളോടൊപ്പം രഹസ്യമായി കഞ്ചാവ് കൃഷി നടത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ അവരെ അതിൽ നിന്നു പിന്തിരിപ്പിക്കാനാണ് സർക്കാരിൻ്റെ ശ്രമം. മറ്റു വിളകൾ കൃഷി ചെയ്യാൻ സർക്കാർ കർഷകർക്ക് ബോധവത്കരണം നൽകുന്നുണ്ട്. ഇതാണ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ കഞ്ചാവ് നിർമാർജനം.”- ഡിഐജി രംഗറാവു പറഞ്ഞു.

കഴിഞ്ഞ വർഷം മൂന്ന് തവണ വലിയ തോതിലുള്ള കഞ്ചാവ് നിർമാർജനം സംസ്ഥാനത്ത് നടന്നിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 11493 കിലോ കഞ്ചാവ് നിർമാർജനം നടത്തിയിരുന്നു. മാർച്ച് 13ന് 7,637 കിലോ കഞ്ചാവും ഓഗസ്റ്റ് മൂന്നിന് 43,341 കിലോ കഞ്ചാവും നിർമാർജനം ചെയ്തിരുന്നു.

ഇതോടൊപ്പം, കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 196 വാഹനങ്ങൾ ലേലം ചെയ്യുകയും ചെയ്തിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More