പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്

നിശബ്ദ പ്രചാരണം പൂർത്തിയായതോടെ പാലായിൽ മുന്നണികളും സ്ഥാനാർത്ഥികളും അവസാന വട്ട കണക്കുകൂട്ടലിൽ. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ ബൂത്തുകളിൽ ക്രമീകരണം ആരംഭിച്ചു. നൂറ്റി എഴുപത്തിയാറ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

പോളിംഗിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പ്രധാന വ്യക്തികളെ നേരിൽ കണ്ടായിരുന്നു സ്ഥാനാർത്ഥികൾ പിന്തുന്ന തേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം മീനച്ചിൽ, മുത്തോലി, കരൂർ പഞ്ചായത്തുകളിലും നഗരസഭയിലും വോട്ടുതേടിയിറങ്ങി. വീടുകളിൽ വീണ്ടുമെത്തിയ യുഡിഎഫ് പ്രവർത്തകർ ചിഹ്നം, ക്രമനമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഓർമ്മിപ്പിച്ചാണ് മടങ്ങിയത്. ഒപ്പം കെ.എം മാണി വികാരം ഉണർത്താൻ ലഘുലേഘകളും നൽകി.

ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ തികഞ്ഞ വിജയ പ്രതീക്ഷ പങ്കുവച്ചാണ് നിശബ്ദ പ്രചാരണ ദിനത്തിലും കളത്തിലിറങ്ങിയത്. മൂന്ന് തവണയും വോട്ടു ചെയ്യാത്തവരുടെ പിന്തുണ കൂടി ഇക്കുറി ഉറപ്പാണെന് മാണി സി കാപ്പൻ പറഞ്ഞു. ഭരണപക്ഷ നിരയിലേക്ക് എംഎൽഎ എത്തിയാൽ മണ്ഡലത്തിന് ഗുണമാകുമെന്നതാണ് എൽഡിഎഫ് മുദ്രാവാക്യം.

പരമാവധി വോട്ടുകൾ ഉറപ്പാക്കാൻ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയും മൂന്നിലവ്, കരൂർ പഞ്ചായത്തുകളിൽ ഗൃഹ സന്ദർശനം നടത്തി. സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയതിനാൽ മണ്ഡലത്തിന്റെ ചരിത്രം തിരുത്തുന്ന വിധി ഉണ്ടാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടൽ. ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലം പാരമ്പര്യം കൈവിടില്ലെന്ന് യുഡിഎഫ് പ്രതീക്ഷയും. 176 ബൂത്തുകളാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 5 എണ്ണം പ്രശ്‌ന സാധ്യത ബൂത്തുകളാണ്. ഒരുലക്ഷത്തി എഴുപത്തൊൻപതിനായിരത്തി ഒരുന്നൂറ്റിയേഴ് വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 1888 വോട്ടർമാരാണ് പുതിയതായെത്തിയത്.

എം 3 ഗണത്തിൽ പെടുന്ന അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മെഷീനുകളാണ് എല്ലാ ബൂത്തുകളിലും ഉപയോഗിക്കുന്നത്. മെഷീനുകൾ ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകൾ ക്രമീകരിച്ച് തുടങ്ങി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പാലാ ആർക്കൊപ്പമെന്ന് ഇരുപത്തിയേഴിനറിയാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top