റോഡ് അറ്റകുറ്റപ്പണി ഉദ്യോഗസ്ഥർക്ക് കളക്ടറുടെ മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കും

റോഡ് അറ്റകുറ്റപ്പണി  ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. പൊതുജനങ്ങൾക്കുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്ന് കളക്ടർ പറഞ്ഞു. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. അറ്റകുറ്റപ്പണികൾ അനിശ്ചിതമായി വൈകുന്നതാണ് ഇങ്ങനൊരു തീരുമാനം എടുക്കാൻ കളക്ടറെ പ്രകോപിപ്പിച്ചത്.

അതേ സമയം, റോഡ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതായി വിവിധ ഏജൻസികൾ കളക്ടറെ അറിയിച്ചു. ഇടക്ക് മഴ പെയ്യുന്നത് പണിക്ക് തടസ്സമാകുന്നതായും പകൽ സമയത്ത് ഗതാഗതം നിർത്തിവെക്കാതെ ഒറ്റവരിയായി വാഹനം കടത്തിവിട്ടാണ് പലയിടത്തും അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റവും മോശമായ 45 റോഡുകൾ ഉടൻ നന്നാക്കാനായിരുന്നു കളക്ടറുടെ അന്ത്യശാസനം. നിശ്ചിത സമയത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കരാറുകാർക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമെതിരെ ചട്ടപ്രകാരം ക്രിമിനൽ നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. നിർദേശം ലഭിക്കുന്നതിന് മുമ്പും പണി തുടങ്ങിയതിനു ശേഷവുമുള്ള ഫോട്ടോ സഹിതം ഇന്ന് ചേരുന്ന യോഗത്തിൽ എത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം സമർപ്പിച്ച ചിത്രങ്ങൾ പരിശോധിക്കാൻ എറണാകുളം ഡിസിപിയോട് കളക്ടർ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top