മൂന്ന് ബൾബുകൾ മാത്രമുള്ള വീട്ടിൽ വൈദ്യുതി ബിൽ 5567 രൂപ !

മൂന്ന് ബൾബുകൾ മാത്രമുള്ള വീട്ടിൽ കഴിഞ്ഞ മാസം വൈദ്യുതി ബിൽ ലഭിച്ചത് 5567 രൂപ. തൃശൂർ ചവറാംപാടം ചുക്കത്ത് വീട്ടിൽ ഗിരിജയ്ക്കാണ് ഭീമമായ തുക വൈദ്യുതി ബിൽ കിട്ടിയത്. സംഭവത്തിൽ ഞെട്ടയിരിക്കുകയാണ് വീട്ടുകാർ. ഇത്രയും വലിയ തുക കരണ്ട് ബില്ലായി ലഭിക്കുന്നത് ഇതാദ്യമായാണെന്ന് വീട്ടുകാർ പറയുന്നു.
ഭിത്തിമറ പോലും പൂർണമായി ഇല്ലാത്തതാണ് ഗിരിജയുടെ വീട്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്ന വീടിന് മേൽക്കൂര ആസ്ബറ്റോസാണ്. വീടെന്ന് പറയുന്നതിനേക്കാൾ കൂരയെന്ന് പറയുന്നതാകും ഉചിതം. സാധാരണ 80, 90 നിരക്കിലാണ് വൈദ്യുതി ബിൽ വരാറുള്ളതെന്ന് ഗിരിജ പറയുന്നു. ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. തുടർന്ന് 1500 രൂപ സംഘടിപ്പിച്ച് അടച്ചു. ബാക്കി തുക ഗഡുക്കളായി അടയ്ക്കണമെന്ന നിബന്ധനയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകി.
സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ബന്ധു നൽകിയ രണ്ട് സെന്റ് സ്ഥലത്താണ് ഗിരിജയും ഭർത്താവും മക്കളും താമസിക്കുന്നത്. സർക്കാരിന്റെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് കണക്ഷൻ നൽകിയിരിക്കുന്നത്. ഇത്രയും ഭീമമായ തുക എന്തുകൊണ്ട് വന്നുവെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here