ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി

കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. കെ കരുണാകരൻ സ്മാരക ട്രസ്റ്റിൽ ക്രമക്കേട് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത്.

കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുൾ സലീം എന്നിവർക്കെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത്. കരാറുകാരനായ മുതുപ്പാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ട്രസ്റ്റിന് വേണ്ടി ആശുപത്രി കെട്ടിടം നിർമിച്ചതിന്റെ പണം ലഭിക്കാത്തതാണ് ജോസഫ് ആത്മഹത്യ ചെയ്യാൻ കാരണമെന്നായിരുന്നു ആരോപണം.

പരാതി അന്വേഷിച്ച പൊലീസ് കേസിൽ നിയമോപദേശം ലഭിച്ച ശേഷമാണ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത്. കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ മറവിൽ 30 ലക്ഷം രൂപയുടെ തിരിമറി കാണിച്ചെന്ന് കണ്ടത്തിയതിനെ തുടർന്ന് ഇവരടക്കം അഞ്ച് പേരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടി സ്വാഗതാർഹമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം പ്രതികൾക്കെതിരെ നടപടി എടുക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. കേസിൽ കുഞ്ഞികൃഷ്ണൻ നായരുടെ മകൻ കെ കെ സുരേഷ് കുമാറിനെതിരെയും പൊലീസ് ഉടൻ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top